Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

ചുടു നീരുറവയില്‍ ഒരു ചുടുനീരാട്ട്


സൗദി അറേബ്യയുടെ വടക്കു-പടിഞ്ഞാര്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അല്‍ലൈത്തിലെ ചുടു നീരുറവയെന്ന പ്രകൃതിയുടെ ഒരത്യപൂര്‍വ്വ പ്രതിഭാസം നേരില്‍ കാണുകയെന്ന ഉദ്ധേശത്തോടെയാണ് ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ തെക്കും-വടക്കും തിരിയാത്ത ഞങ്ങളുടെ ഈ യാത്ര...

സൈഫുക്കയുടെ ഫാമിലി ഉണ്ടാവും എന്ന ഉറപ്പില്‍ ഫാമിലിയുമായി വന്ന കരുമാടിയുടെ ആദ്യത്തെ പ്ലിങ്ങോട് കൂടി ഞങ്ങളുടെ യാത്രരംഭിച്ചു…

കരുമാടി ആന്‍ഡ്‌ ഫാമിലി, സൈഫുക്ക ആന്‍ഡ്‌ 3 ഫ്രീക്കന്‍സ്, ഞാനും കൊമ്പന്‍ സാബും ബഷീര്‍ തോട്ടിയാനും പിന്നെ കൊണ്ടോട്ടി അയമു എന്നിവരും മൂന്നു വാഹനങ്ങളില്‍ ആയാണ് പോകുന്നത്.

അതി രാവിലെതന്നെ കാലിവയറുമായി ആണെങ്കിലും ഉച്ചക്ക് കഴിക്കാനുള്ള നെയ്‌ച്ചോര്‍ ചെമ്പിന്‍റെ ആശ്വാസത്തില്‍ ശറഫിയില്‍ നിന്നും തീര്‍ത്തും മൂകമായ ജിസാന്‍ റോഡിലൂടെ ഞങ്ങള്‍ യാത്ര പുറപ്പെട്ടു....

വാഹനം ഇടയ്ക്കു വലിയ ഫ്ലൈഓവറുകളെ പിന്തള്ളിക്കൊണ്ടിരുന്നു... ശഹനായിയില്‍ വിരിഞ്ഞ സംഗീതത്തിനൊപ്പം ബഷീര്‍ ഭായിയുടെ വായില്‍ തോന്നുന്ന കൊതക്ക് പാട്ടും കൊമ്പന്‍ സാബിന്‍റെ തത്വങ്ങളും കൂടി ആയപ്പോ ശെരിക്കും അസഹനീയമായിത്തോന്നി...

ജിദ്ദയില്‍ നിന്നും എന്‍പതു കിലോമീറ്റര്‍ അകലെ ശുഹൈബ ബീച്ചിന്‍റെ ഓരത്തുള്ള 1997 ല്‍ ആരാണ്ടോ ഉപേക്ഷിച്ച കപ്പല്‍ച്ചേദം സന്ദര്‍ശിക്കുക എന്നതാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം.

ഗൂഗിള്‍ ഏമാന്‍ ഞങ്ങളെ കടലിനു എതിര്‍ദിശയിലേക്ക് പറഞ്ഞയച്ചെങ്കിലും അമളി മനസ്സിലാക്കിയ ഞങ്ങള്‍ ശെരിയായ ദിശയിലേക്കു തന്നെ തിരിച്ചു വന്നു...

ഇപ്പോള്‍ ഞങ്ങള്‍ക്ക് അങ്ങകലെ ഒരു പൊട്ടുപോലെ കാല്‍ഭാഗം കടലില്‍ താഴ്ന്ന് ചെരിഞ്ഞ് കിടക്കുന്ന കപ്പല്‍ ഭാഗം കാണാം.... എങ്കിലും അവിടെ എത്തണമെങ്കില്‍ വളഞ്ഞു തിരിഞ്ഞു പോവണം... പക്ഷെ അതു ഞങ്ങളുടെ മല്ലുമനസ്സ് അനുവദിക്കുന്നില്ല... തൊട്ടടുത്തുള്ള കമ്പിവേലി പൊളിച്ചു നീക്കിയത് കണ്ടതു ഞങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി തന്നു..

കമ്പി വേലികള്‍ക്കിടയിലൂടെ നുഴഞ്ഞു കയറി കുണ്ടും കുഴികളും നിറഞ്ഞ ആ റോഡിലൂടെ യാത്ര ചെയ്യാന്‍ നല്ല രസം. തീര്‍ത്തും ഗൃഹാതുരത്വമുണര്‍ത്തുന്ന നാട്ടിലെ പഞ്ചായത്ത് റോഡിലൂടെ യാത്ര ചെയ്യുന്ന ഒരു അനുഭൂതി..

തികച്ചും അപ്പ്രതീക്ഷിതമായിരുന്നു അതു സംഭവിച്ചത്... കുറച്ചു ദൂരം പിന്നിട്ട ഞങ്ങളുടെ കണ്ണിനു ആശ്ചര്യമേകി ഒരു പടനായകന്‍റെ പരിവേഷത്തോടെ ഒട്ടക പുറത്ത് ചാട്ടയും ചുഴറ്റി ഒരു ഒട്ടകഇടയന്‍ ഒരു സംഘം ഒട്ടകങ്ങളേയും തെളിച്ചു കൊണ്ട് ഞങ്ങള്‍ക്ക് മുന്‍പിലൂടെ കടന്നു വന്നത്.

പിന്നെ അവിടെ നടന്നത് ഒട്ടകത്തിന്‍റെ അടുത്ത് നിന്ന് സെല്‍ഫി എടുക്കാനുള്ള കൂടെയുള്ളവരുടെ വിറളി പിടിച്ച ഒരു ഓട്ടമായിരുന്നു. കൂട്ടത്തില്‍ ഒരു ഒട്ടകം ഞങ്ങളുടെ വെപ്രാളം കണ്ട് സഹതാപത്തോടെ ഞങ്ങള്‍ക്ക് പോസ് ചെയ്യാനായി അനുസരണയോടെ നിന്ന് തന്നു.

ഏറ്റവും പിറകിലായി ഒട്ടകപ്പുറത്ത് പോകുന്ന ആ പടനായകനെ അസൂയയോടെ നോക്കിക്കൊണ്ടിരിക്കെ മൂസ സാബ് “ഒരിക്കലും ഈ കാണുന്ന സുഖം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഉണ്ടാവില്ല “ എന്ന് പറഞ്ഞപ്പോള്‍ ആണ് ബെന്യാമിന്‍റെ ആടുജീവിതത്തിലെ നജീബിന്‍റെ ഭീകരാനുഭവങ്ങള്‍ മനസ്സിലേക്ക് ഒഴുകിയെത്തിയത്. അസൂയ പിന്നെ സഹതാപം ആവാന്‍ അതിക സമയം വേണ്ടി വന്നില്ല...

ആ ഒട്ടകകൂട്ടങ്ങള്‍ ഞങ്ങളുടെ കണ്ണില്‍ നിന്നും മരുഭൂമിയുടെ അനന്ദതയിലേക്ക് ഒരു പൊട്ടായി അപ്രത്യക്ഷമായതോടെ ഞങ്ങള്‍ കപ്പലിനടുത്തേക്ക്‌ നീങ്ങി.

കപ്പലിനു അഭിമുഖമായി ഞങ്ങളുടെ വണ്ടികള്‍ പാര്‍ക്ക് ചെയ്തിറങ്ങി. ഷിപ്പ്-അല്‍-ഫഹദ് എന്ന പേരില്‍ ആണ് ആ കപ്പല്‍ അറിയപ്പെടുന്നത്. സുന്ദരമായ നീലക്കടലും മുങ്ങിത്താഴുന്ന പോലെ കപ്പലിന്‍റെ മുകള്‍ ഭാഗവും കണ്ണിനു കുളിര്‍മയേകുന്ന ഒരു കാഴ്ച്ച തന്നെ.

“കടലില്‍ വെച്ച് ഒരിക്കലും ശരിയാക്കാന്‍ കഴിയാത്ത വിധം നാശം സംഭവിച്ച കപ്പലുകള്‍ ഇത്തരത്തില്‍ ഉപേക്ഷിച്ചു പോവുകയാണ് പതിവ്... ഏതാണ്ട് കരയോട് അടുത്ത് കിടക്കുന്നത് കൊണ്ടാണ് ഈ കപ്പലിനെ നമുക്ക് ഇങ്ങനെ കാണാന്‍ കഴിയുന്നത്, അല്ലെങ്കില്‍ ഇതും ദുരൂഹത ഉറങ്ങുന്ന ആഴിയുടെ അടിത്തട്ടില്‍ നിത്യ നിദ്രയില്‍ ആയിപോയേനേ... “ -
കൊമ്പന്‍ സാബിന്‍റെ താത്വികമായ അവലോകനം

പൊതുവേ വിജനമായിരുന്നു ആ കടല്‍തീരം. ആകെയുള്ളത് ഒരു അറബ് ഫാമിലിയും ചൂണ്ടലുമായി മീന്‍ പിടിക്കുന്ന ഒരു ബംഗാളിയും തൊട്ടടുത്ത്‌ തന്നെ മറ്റൊരു ഫിലിപ്പൈനിയും.

ദുനിയാവിലെ സകല ജീവജാലങ്ങളും ഞങ്ങള്‍ക്ക് ഹലാലാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫിലിപ്പൈനി താന്‍ പിടിച്ച നീരാളിയെ പച്ചക്ക് ചുട്ടെടുക്കുന്നു. അതു കണ്ട കൊമ്പന്‍ സാബിന് ഒരു പൂതി ഒരു കഷ്ണം കഴിക്കാന്‍. വേണ്ടാ വേണ്ടാ എന്ന് ഞങ്ങള്‍ ആയിരം തവണ പറഞ്ഞതാണ്, എവിടെ കേള്‍കാന്‍... വരാന്‍ പോണത് വഴിയില്‍ തങ്ങില്ലല്ലോ... അതു കണ്ട് കൂട്ടത്തിലെ മറ്റു ഫ്രീക്കന്‍സും ഒന്നു രുചിച്ചു നോക്കി...

കൊണ്ടോട്ടി അയമു ചൂണ്ടയിടാനായി സൈഫുക്കയുടെ കയ്യിലെ സെല്‍ഫി എടുക്കുന്ന സെല്‍ഫികോലിലേക്ക് നോക്കിയെങ്കിലും സൈഫുക്കയുടെ രൂക്ഷമായ നോട്ടം ആ ശ്രമം ഉപേക്ഷിച്ച് കയ്യില്‍ കിട്ടിയ ഒരു ചൂണ്ടനൂലില്‍ കല്ല് കെട്ടി കടലിലേക്കെറിഞ്ഞു സായൂജ്യമടഞ്ഞു.

ഡ്രസ്സ് മാറി കുളിക്കാന്‍ തെയ്യാറെടുത്ത ബഷീര്‍ ഭായിയെ കൊമ്പന്‍ സാബ് ഈ ഉപ്പുവെള്ളത്തിലല്ല അല്‍-ലൈത്തിലെ ചൂടു നീരുറവയിൽ ആണ് നമ്മള്‍ ചാടി കുളിക്കാന്‍ പോകുന്നത് എന്ന് പറഞ്ഞ് തടഞ്ഞു.

കടലിന്‍റെ സൌന്ദര്യം ഞങ്ങള്‍ വേണ്ടുവോളം ആസ്വദിച്ചു....പക്ഷെ, അധികം നേരം ആ സൌന്ദര്യം നുകരാന്‍ ഞങ്ങള്‍ക്കായില്ല... മത്സ്യത്തിന്‍റെയും കടലിന്‍റെയും ഒരു തരം ചീഞ്ഞ നാറ്റം ഞങ്ങളെ അവിടെ നിന്നും അടുത്ത ലക്ഷ്യത്തിലേക്ക് ആട്ടിയോടിച്ചു...

ഞങ്ങളുടെ വാഹനം അടുത്ത സന്ദര്‍ശന സ്ഥാനമായ ചൂടുനീരുറവ ലക്ഷ്യം വെച്ച് പാഞ്ഞു.. അല്‍പം മുന്നോട്ട് പോയപ്പോള്‍ വല്ലാത്തൊരു ശബ്ദം കേള്‍ക്കാനിടയായി.... വെള്ളിയാഴ്ച്ച ആയതു കൊണ്ട് അടുത്ത പള്ളി കാണുമ്പോ സൈഡ് ആക്കാന്‍ മൂസ സാഹിബിന്‍റെ നിര്‍ദേശം ഞങ്ങള്‍ അനുസരിച്ചു...വണ്ടി നിറുത്തിയ ഉടനെ മൂസാ സാബിന്‍റെ ഡോര്‍ തുറന്നുള്ള ഓട്ടം കണ്ടപ്പോഴാണ് നേരത്തെ കേട്ട ശബ്ദത്തിന്‍റെ ഉറവിടം ഞങ്ങള്‍ക്ക് മനസ്സിലാക്കാനായത്. നേരത്തേ കഴിച്ച ഫിലിപ്പൈനിയുടെ ഹലാല്‍ മൂപ്പര്‍ക്ക് ഹലാക്കായിരിക്കുന്നു... അതിനു പിറകെ ഫ്രീക്കന്‍സിന്‍റെയും ഓട്ടം കണ്ടപ്പോഴാണ് വയറ്റില്‍ നേരത്തേ കഴിച്ച നീരാളിയുടെ നീരാളിപ്പിടുത്തത്തിന്‍റെ ഭീകരാവസ്ഥ ശെരിക്കും മനസ്സിലാക്കാനായത്.

അവിടന്നു നമസ്കാരം കഴിഞ്ഞു ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു... 

സമയം ഉച്ചയോടടുത്തിരിക്കുന്നു... സംഘത്തലവനായ സൈഫുക്കയുടെ നിര്‍ദേശത്തോടെ ഞങ്ങള്‍ നേരത്തേ പാകം ചെയ്തു കൊണ്ട് വന്ന ഭക്ഷണം കഴിക്കാന്‍ ശാന്തമായ ഒരു സ്ഥലത്ത് വാഹനം നിറുത്തി... ചെമ്പ് ഇറക്കിയതെ ഓര്‍മ്മയോള്ളൂ...പിന്നെ അവിടെ നടന്നത് ഇവിടെ പറയാതിരിക്കുകയാണ് നല്ലതെന്ന് തോന്നുന്നു....
ഭക്ഷണം കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു... ഏതാണ്ട് ഒരു മണിക്കൂര്‍ ആയപ്പോയെക്കും ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തി. ചൂടു നീരുരവയുടെ ഓരത്ത് ഞങ്ങള്‍ വാഹനം പാര്‍ക്ക്‌ ചെയ്തിറങ്ങി. ചാടിക്കുളിക്കാം എന്ന പ്രതീക്ഷയോടെ ആവേശത്തില്‍ ചാടി ഇറങ്ങിയ ഞങ്ങളെ വരവേറ്റത് കാല്‍പാദം മുങ്ങാന്‍ മാത്രമുള്ള തിളച്ച് ആവിയോടെ ഒഴുകുന്ന വെള്ളമായിരുന്നു.

എല്ലാവരുടെ മുഖത്തും ഒരു വലിയ പ്ലിംഗ്. ഞങ്ങള്‍ കൊമ്പന്‍ സാബിന്‍റെ നേരെ തിരിഞ്ഞു. ഫ്രീക്കന്മാര്‍ എന്തോ പറയുന്നുണ്ടായിരുന്നു. കേട്ട് ശീലമില്ലാത്തത് കൊണ്ട് ഞങ്ങള്‍ ചെവി പൊത്തി. ഇവിടെ കുളിക്കാന്‍ സാദിച്ചില്ലേല്‍ ഈ ചുടുവെള്ളത്തില്‍ നിന്നെ മുക്കികൊല്ലുമെന്ന് ബഷീര്‍ ഭായ്.

ഒരു അറബിയോട് അതിന്‍റെ ഉത്ഭവം അന്വേഷിച്ചപ്പോള്‍ അയാള്‍ കുറച്ചകലെ കുന്നിന്‍ചെരുവില്‍ ഒരു ഫൈബര്‍കൂരക്കു നേരെ കൈചൂണ്ടി.

ചെറിയ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ആവിയോടെ ഒഴുകുന്ന ഒരു നീരുറവ. ചുറ്റും ഫൈബര്‍കൂരയുള്ളത് കൊണ്ട് ഒരു അഞ്ഞുമിനുട്ടു നേരം അവിടെ നിന്നാല്‍ ശെരിക്കും ഒരു നാചുറല്‍ സ്റ്റീംബാത്ത് കിട്ടും.

“പതിനാലു തരം മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഈ നീരുറവ ത്വക്ക് സംബന്ധമായ അസുഖത്തിനു ഫലപ്രദമായ ഒരു ഔഷധമാണ്. ഇത്തരത്തില്‍ ഉള്ള ഒരു ചൂടുറവ നമ്മുടെ ഇന്ത്യയിലെ ബദരീനാഥ് ക്ഷേത്രത്തിനു അടുത്തുണ്ട്. സൌദിയില്‍ തന്നെ ദമ്മാമിലും ഇത്തരത്തില്‍ ഒരെണ്ണം ഉണ്ടെന്നു മുമ്പ് എവിടെയോ വായിച്ചതോര്‍ക്കുന്നു” --
കൊമ്പന്‍ സാബിന്‍റെ രണ്ടാം താത്വികാവലോകനം...

ചുറ്റുപാടുമുള്ള സകല കാട്ടുപൊന്തകളും മൂസാ സാബും ഫ്രീക്കന്‍സും അരിച്ചു പെറുക്കിയെങ്കിലും ചാടിക്കുളിക്കാന്‍ പോയിട്ട് കാല്‍ കഴുകാന്‍ പാകത്തില്‍ പോലും പറ്റിയ ഒരു ഉറവ അവിടെയെങ്ങും കാണാനായില്ല. അങ്ങനെ ഞങ്ങള്‍ ചിന്താ വിശിഷ്ടയായി ഇരിക്കുമ്പോഴാണ് ഒരു പാക്കിസ്ഥാനി റോഡിന്‍റെ എതിര്‍ദിശയിലേക്ക് ചൂണ്ടി അവിടെ കുളിക്കാന്‍ പറ്റും എന്ന് പറഞ്ഞത്. ജീവിതത്തില്‍ ആദ്യമായി ഒരു പാകിസ്ഥാനിയോടു ഇഷ്ടം തോന്നിയത് അപ്പോഴാണ്‌.

കേട്ട പാതി കേള്‍ക്കാത്ത പാതി, എല്ലാവരും അങ്ങോട്ടോടി...

ഞങ്ങളുടെ കണ്ണുകള്‍ക്ക്‌ വിശ്വസിക്കാനായില്ല... അവിടെത്തെ ആ പ്രത്യേക കാലാവസ്ഥയില്‍ ദ്രവിച്ചു കൊണ്ടുരിക്കുന്ന പാറക്കൂടങ്ങള്‍ക്കും കാട്ടുപൊന്തകള്‍ക്കും നടുവിലൂടെ തെളിഞ്ഞ ശുദ്ധജലത്തില്‍ ചെറിയ മീനുകളാല്‍ ഒഴുകുന്ന ഒരു കാട്ടുചോല. കല്ലുകള്‍കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ചെറിയ തടയണയും.

ഞങ്ങള്‍ തിരിച്ചുവന്നു ഡ്രസ്സ്മാറി ഫൈബര്‍ കൂരയില്‍ കയറി നല്ലൊരു സ്റ്റീം ബാത്തും എടുത്ത് ആ കാട്ടുചോലയിലേക്ക് വെച്ച് പിടിച്ചു. ഞങ്ങള്‍ കുറച്ചുകൂടി കല്ലുകള്‍ ശേഖരിച്ചു തടയണയുടെ ഉയരം കൂട്ടി.

ശെരിക്കും അര്‍മാദിച്ചു മുങ്ങിയും കുളിച്ചും ബഷീര്‍ ഭായുടെ പാട്ടും ഒക്കെയായി സമയം പോയതറിഞ്ഞില്ല. എണീറ്റ്‌ പോരാനും തോന്നുന്നില്ല.

ഇരുട്ട് മൂടിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വെള്ളത്തില്‍ നിന്നും കയറി ഡ്രസ്സ് മാറി. എല്ലാവരുടെ മുഖത്തും തികഞ്ഞ സംതൃപ്തി പ്രകടമായി. ആധുനികമായ കെട്ടുകാഴ്ച്ചകളൊന്നും തന്നെ ഇല്ല എന്നതാന് അവിടെ ഏറെ ആകര്‍ഷണീയമായി തോന്നിയത്.

ഫ്രീക്കന്‍സിന്‍റെ നേതാവായ അദ്നുവിന്‍റെ കാമറയില്‍ ടൈമര്‍ വെച്ച് ചൂടുനിരുറവ പാശ്ചാത്തലമാക്കി ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു ഞങ്ങള്‍ ആ ഉറവയോടും കാട്ടുപോന്തകളോടും യാത്ര പറഞ്ഞ് മടങ്ങി...

 സ്റ്റാര്‍ട്ട്...കാമറ..ആക്ഷന്‍....

ഗൂഗിള്‍ മാപ്പിനെ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കരുതെന്ന് എന്‍റെ ആശാന്‍ എന്നോട് പറയുമായിരുന്നു.....

ഭീതി നിറഞ്ഞ മൂകമാം താഴ്വര...

ഒട്ടകകൂട്ടത്തെ കണ്ടപ്പോള്‍ സെല്‍ഫിക്കായുള്ള വിറളി പിടിച്ച ഓട്ടം

സത്യായിട്ടും പേടിച്ചിട്ടൊന്നും അല്ല ഞങ്ങള്‍ ഒരടി മാറി നില്‍ക്കുന്നത് 

ഇതാണ് നുമ്മ പറഞ്ഞ കപ്പല്‍ച്ചേദം

സുല്‍ഫിക്കയും  സെല്‍ഫിക്കോലും 

കൊമ്പന്‍റെ നീരാളി തീറ്റ

ആരാന്‍റെ നീരാളി ഞമ്മന്‍റെ വയര്‍ ...അനക്ക് എന്താടാ പഹയാ.

നിച്ചും മാണം നീരാളി....

ഞാനൊന്നും പറയുന്നില്ല...നിങ്ങള്‍ തന്നെ ഊഹിച്ചെടുത്തു പൂരിപ്പിക്കുക്ക...

ചുടു നീരുറവ...

ചുടുനീരുരവയുടെ ഉത്ഭവവും സ്റ്റീം ബാത്തിനായുള്ള ഫൈബര്‍ കൂനയും...


അളിയാ...കൈ പൊള്ളി ...

തടയണ നിര്‍മ്മാണം 

നീരാട്ട് 

അള്ളാണേ ഇനി ഞാന്‍ പാടില്ല....

നീരാളിപ്പിടുത്തത്തില്‍ തളര്‍ന്നു കിടക്കണ കൊമ്പന്‍ സാബ്...

കൊണ്ടോട്ടി അയമുക്കാന്‍റെ അഭ്യാസ പ്രകടനങ്ങള്‍  

സില്‍സിലാഹെ സില്‍സിലാ....


ശങ്കര്‍ദാസ്....