Showing posts with label ഓർമ്മകൾ. Show all posts
Showing posts with label ഓർമ്മകൾ. Show all posts

കൌമാരത്തിന്‍റെ ചാപല്യങ്ങള്‍...


ഒരു കൂട്ടുകാരനൊപ്പം അവന്‍റെ ഒരാവശ്യത്തിനു നിലംമ്പൂരിലേക്കു പോവുകയായിരുന്നു. സമയം ഉച്ച കഴിഞ്ഞിട്ടുണ്ട്, യാത്രയില്‍ നല്ല ഒരു ഹോട്ടല്‍ ഒന്നും കിട്ടിയില്ല. അവന്‍റെ വക ആയതു കൊണ്ട് ചെറിയ ഹോട്ടലില്‍ ഒന്നും കയാറാന്‍ എന്‍റെ വികടമനസ്സനുവദിച്ചില്ല. അങ്ങനെ യാത്ര മദ്ധ്യേയുള്ള ഒട്ടുമിക്ക അങ്ങാടികളൊക്കെ പിന്നിട്ടു. ഇനി നിലമ്പൂര്‍ എത്തിയാലേ നല്ലൊരു ഹോട്ടല്‍ കിട്ടൂ. അതിനിനി ഇനിയും ഒരുപാട് ദൂരം താണ്ടണം.

രാവിലെ ലെവന്‍റെ തിരക്ക് കാരണം കാര്യമായി ഒന്നും കഴിച്ചുമില്ല. വിശന്നിട്ടാണേല്‍ കണ്ണും മൂക്കും കാണാന്‍ വയ്യ. ഇറങ്ങിയപ്പൊ ഉള്ള ആവേശം ഒക്കെ രണ്ടാള്‍ക്കും പോയിട്ടുണ്ട്. ആമാശയം കാലിയായാല്‍ പിന്നെത് ആവേശം അല്ലേ...
പെട്ടെന്നാണ് സുഹുര്‍ത്തിന്‍റെ ദൃഷ്ടിയില്‍ അതു പതിയുന്നത്. റോഡിനരികില്‍ അത്യാവശ്യം പ്രൌഢഗംഭീരമായ ഒരു കല്യാണപന്തല്‍. ഞങ്ങള്‍ രണ്ടാളും പരസ്പരം മുഖത്തോട് മുഖം നോക്കി, എങ്കിലും എന്‍റെ മുഖത്തൊരു വൈക്ലഭ്യം കണ്ട അവന്‍ പറഞ്ഞു...

“കാര്യാക്കണ്ട... ദേ കണ്ടില്ലേ വെല്‍ക്കം എന്നെഴുതി വെച്ചത്”

അതോടെ ഞാനും ഫുള്‍ ഒകെ...

"ഗതി കെട്ടാൽ പുലി പുല്ലും തിന്നും... " പുലിക്കു പുല്ലൊക്കെ തിന്നാം... മനുഷ്യർക്ക് പറ്റോ... മനുഷ്യർ വിളിക്കാത്ത കല്യാണവും ഉണ്ണും... അത്ര തന്നെ...

വണ്ടി പാര്‍ക്ക് ചെയ്തു നേരേ പന്തലിലോട്ട് കയറി. മുന്‍പില്‍ തന്നെ നിറപുഞ്ചിരിയുമായി കല്യാണ ചെക്കന്‍ കൈ തന്നു കൂടെ നിന്ന് ഒരു ഫോട്ടോയും എടുപ്പിച്ചു കുടിക്കാന്‍ വെള്ളവും തന്നു സ്വീകരിച്ചിരുത്തി. തൊട്ടു പിന്നാലെ മറ്റൊരാള്‍ ഭക്ഷണപുരയിലെക്കും. സമൃദമായി ചിക്കന്‍ ബിരിയാണിയും വെട്ടി വിഴുങ്ങി ഞങ്ങളിറങ്ങി.

പുറത്ത് ചെക്കനും കൂട്ടരും വധുവീട്ടിലേക്ക് ഇറങ്ങാനുള്ള പുറപ്പാടാണ്. ഒരു കാരണവര്‍ ഞങ്ങളോട് കൂടെ പോവുന്നില്ലേ എന്ന് ചോദിച്ചു. പെട്ടെന്നാണ് ഞാന്‍ പറഞ്ഞത്.

“പിന്നേ...ഞങ്ങള്‍ ഞങ്ങളുടെ വണ്ടിയില്‍ പുറകെ ഉണ്ട്..”

“ഇത്രേം വണ്ടി കാലിയായി പോവുമ്പോ ഇനി ഇങ്ങളെ വണ്ടീലും കൂടി എന്തിനാ പെട്രോള്‍ കത്തിക്കണേ”

എന്നും പറഞ്ഞു രണ്ടാളേം പിടിച്ച് ഒരു വണ്ടീല്‍ കേറ്റി. എസ്കേപ് ആവാന്‍ ശ്രമം നടത്തും മുന്‍പേ ആ വണ്ടി ഞങ്ങളേം കൊണ്ട് മുന്‍പേ പോയ വണ്ടികളെ എത്തിപിടിക്കാന്‍ പറന്നിരുന്നു.

പിന്നെ ഞങ്ങള്‍ തിരിച്ചെത്തുന്നത് വൈകുന്നേരം ആറു മണിക്ക്. നിലമ്പൂര്‍ക്ക് ഇന്ന് തന്നെ പോവേണ്ടത് അത്യാവശ്യമാണെന്നവന്‍, പക്ഷെ ഞാന്‍ വണ്ടി തിരിച്ചു പറഞ്ഞു...

ഇനീം നമ്മളവിടം വരെ പോയി തിരിച്ചെത്തുമ്പോഴേക്കും നമ്മുടെ അത്യാവശ്യം വീട്ടുകാര്‍ക്ക് അനാവശ്യം ആവും..

"ദേശീയോദ്ഗ്രഥനം”

കോളേജില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ നടക്കുന്ന ഒരു ഗ്രാമോത്സവം.

ഒരുത്തന്‍ എനിക്ക് പണി തരാനായി എന്നോട് പറയാതെ എന്‍റെ പേര് കൊടുത്തു, അതും ഞാനുമായി പുലബന്ധം പോലുമില്ലാത്ത പ്രസംഗ മത്സരത്തിനു തന്നെ.

സമയമായപ്പോ പേര് വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ അറിയുന്നത് തന്നെ. പണി തന്നവന്‍ ഞാന്‍ മുങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് അതിനൊരവസരം തരാതെ എന്‍റെ പേര് വിളിച്ചപ്പൊ എന്നെ മത്സരം നടക്കുന്ന ക്ലാസ്സിലോട്ടു തള്ളിവിട്ടു.

ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോ കൂടുതല്‍ ഷോ കാണിക്കാതെ സ്വല്‍പം ജാഡയൊക്കെ മുഖത്ത് വരുത്തി അവിടെ ഇരുക്കുന്നവരുടെ മുഖത്തോട്ട് സ്വല്‍പം പുച്ഛം വാരി വിതറി മെല്ലെ ഒരു ബെഞ്ചില്‍ പോയി ഇരുന്നു., നാട്ടിലെ നല്ല യമണ്ടന്‍ ബുജികലാണ് ചുറ്റും. അവരുടെ നോട്ടത്തില്‍ ഞാന്‍ പേര് കൊടുത്തതവര്‍ക്ക് പിടിച്ചില്ലെന്നു വ്യക്തം. നിമിഷങ്ങള്‍ക്കകം പ്രസംഗിക്കേണ്ട വിഷയം വന്നു.

വിഷയം കേട്ടപ്പോഴാണ് ശെരിക്കും കണ്ണ് തള്ളിയത്...

"ദേശീയോദ്ഗ്രഥനം”

ഇതെന്തു കുന്തമാണപ്പാ..?

ആദ്യമായാണ് അങ്ങനെ ഒരു സാധനം കേള്‍ക്കുന്നത് തന്നെ. എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ടു ഒരെത്തും പുടിയും ഇല്ല. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ എണീറ്റ്‌ ഒന്നിന് പോവാനെന്ന മട്ടില്‍ മാഷേ നേരെ തിരിഞ്ഞു ക്രിക്കറ്റ് കളിയില്‍ അമ്പയരുടെ ഔട്ട്‌ കാണിച്ചു.

സമ്മതമായുള്ള മാഷിന്‍റെ തലയാട്ടല്‍ കിട്ടിയതില്‍ പിന്നെ അമാന്തിച്ചില്ല.

ആ ഓട്ടം പിന്നെ നിന്നത് വീട്ടു മുറ്റത്താണ്.

പിറ്റേ ദിവസം നാട്ടിലേക്ക് കാല് കുത്തിയതും നേരെ ചെന്ന് പെട്ടത് മാഷിന്‍റെ മുന്‍പില്‍.
ഞാനൊന്നും മിണ്ടിയില്ല. എങ്കിലും മാഷ്‌ മിണ്ടി, രണ്ടു വാക്ക്. രണ്ടേ രണ്ടു വാക്ക് എന്‍റെ ചങ്കിനിട്ടു തന്നെ.....

"നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു "

റോസാപൂ




ട്രാഫിക്കിൽ പച്ച സിഗ്നലിനു കാത്തു നിൽക്കുന്ന എനിക്കു നേരെ അവളൊരു ചുവന്ന റോസാപൂ നീട്ടി...

നട്ടുച്ചവെയിൽ ഏറ്റു അവളുടെ മുഖം പോലെ ആ പൂക്കളും വാടിയിരിന്നു...

നിറം കെട്ടു പോയ ഒരു ബാല്യം. ഇരുണ്ട നിറമുള്ള ഓമനത്വമുള്ള ആ മുഖവും, അവളുടെ കയ്യിലെ മലര്‍ പോലെ മനോഹരമായ ആ പുഞ്ചിരിയും, അവിടെ നിറഞ്ഞു നില്‍ക്കുന്ന ആ സുഗന്ധവും, എല്ലാം കൂടി എന്റെ പരിസരബോധം നഷ്ടപ്പെടുത്തിയിരുന്നു...

ആ നീട്ടിയ റോസാപൂക്കളിലും കരിന്തിരി കത്തിയ ആ കണ്ണുകളിലും നൊട്ടമിട്ടിരുന്ന എന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ച് കൊണ്ട് അവൾ "പൂ വേണ്ടല്ലേ" എന്ന് ചോദിച്ചതും... ട്രാഫിക് ലൈറ്റ് പച്ചയായതും പിന്നിൽ നിന്ന് വാഹനങ്ങളുടെ കാതടപ്പിക്കുന്ന ഹോർണ്‍ അടിയും ഒരുമിച്ചായിരുന്നു.

മുള്ളുകള്‍ നിറഞ്ഞ ആ പൂക്കള്‍ കൈകളില്‍ മുറുകെ പിടിച്ച് ഒരരികിലേക്ക് മാറി നിന്ന അവളെ നോക്കിയിരിക്കാനെ എനിക്കാ നിമിഷം കഴിഞ്ഞൊള്ളൂ. ആര്‍ക്കും വേണ്ടാത്ത ഒരു പൂ കൊഴിഞ്ഞു വീണില്ലാതാവുന്നത് പോലെ ...

ശേഷം അതിലൂടെ പോവുമ്പൊ എന്നും എന്റെ കണ്ണുകൾ അവളെ തേടുമായിരുന്നു...

വർഷങ്ങൾക്കിപ്പുറം ഇന്നും വാങ്ങാനാവാതെ പോയ ആ പൂവ് എന്‍റെ കണ്ണു നിറക്കാറുണ്ട്, സങ്കടം സഹിക്ക വയ്യാതെ നിറയുന്ന എന്റെ മിഴികൾ എന്റെ കാഴ്ചകൾക്ക് മങ്ങലേൽപിക്കാറുണ്ട്...

എവിടെയായിരുന്നാലും നീ സുഖമായിരിക്കട്ടെ...!

എന്‍റെതായി ദൈവം നിശ്ചയിച്ചവളുടെ പ്രാര്‍ത്ഥന





ഒരുപാട് പെണ്‍കുട്ടികളെ ഞാന്‍ പ്രണയിക്കാന്‍ ശ്രമിച്ചു...എല്ലാവരും ഇഷ്ടപ്പെടുന്നെങ്കിലും പ്രണയിക്കാൻ തയ്യാറായത് ഒരുവൾ മാത്രം...!

പ്രണയത്തിന്റെ മുത്ത്‌ തേടിയുള്ള യാത്രയിൽ നിറഞ്ഞൊരെന്റെ മിഴികളും തളർന്നൊരെന്റെ മനസ്സും ശൂന്യമാക്കി ആകാശനീലിമ പോലെ അനന്തതയിലേക്ക്‌, ഇലക്കുമ്പിളിലെ മഞ്ഞുതുള്ളിയായ് ആഞ്ഞു വീശും കാറ്റിൽ എങ്ങോ നീ മറഞ്ഞപ്പോൾ, കാലം വേദനിപ്പിക്കില്ലെന്ന തോന്നൽ മിഥ്യയായ്‌ പൊട്ടിച്ചിതറുമ്പോള്‍, തിരിച്ചു പിടിക്കാൻ കഴിയാത്ത വിധം അന്യയായ്‌ നീ അകന്നപ്പോള്‍...

കാരണങ്ങൾ എന്താണെന്ന് ഞാന്‍ ഒരുപാടു ചിന്തിച്ചു, അതിനുത്തരം കണ്ടെത്താൻ എനിക്കു കാലങ്ങൾ കാത്തിരിക്കേണ്ടി വന്നു... 

"അവളുടെ പ്രാര്‍ഥനയായിരുന്നു കാരണം... എന്‍റെതായി ദൈവം നിശ്ചയിച്ചവളുടെ പ്രാര്‍ത്ഥന....!"