മലപ്പുറം വിശേഷങ്ങൾ




രാത്രി ഹോട്ടെൽ പൂട്ടുന്നതിനു മുൻപെ പറ്റുപുസ്തകം നോക്കുന്ന അസൈൻകാക്ക പത്താം തരം പഠിക്കുന്ന മോനോട് 

ടാ സുങ്കേ... അന്നോടാരാ ബാവ ബന്നതും പോയതും ഇതീലെയുതി ബെക്കാൻ പറഞ്ഞേ ?

യൗടെ ബാപ്പാ നോക്കട്ടെ...

"ബാവ ബന്നു ഒരു പോക്ക് ".... ആ... ഇതോ ?

ഇത് ബാവ ബന്നതും പോയതും അല്ല ബാപ്പാ ബാവ ബന്ന്(Bun) ഒരു പേക്ക്‌ മാങ്ങീന്നാ...

ഇജ്ജ് ഇക്കൊല്ലം തന്നെല്ലേ എസ് എസ് എൽ സി എയുതണേ ?

അതേ ബാപ്പാ എന്തേ ? 

ഒന്നൂല്ലാ...അന്റെ ഒക്കെ ഉത്തരക്കടലാസ് നോക്കണ ആളെ കാര്യം ആലോയ്ക്കുമ്പോ ...?

പുഞ്ചിരി


മനസ്സ് വിതുമ്പുന്ന സമയത്തും പുഞ്ചിരിക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യമാണ് ! ഒരു വരധാനമാണത് !

ഒന്നും സ്വന്തമായില്ലാത്ത മനസ്സിൽ നന്മ മാത്രം കൊണ്ടു നടക്കുന്നവർക്കായുള്ള ദൈവത്തിന്റെ വരദാനം !!

വിതുമ്പുന്ന മനസ്സിലെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി അതു കാണുന്നവന്റെ പ്രയാസങ്ങളും അലിയിപ്പിക്കുന്ന ഒരു പോസിറ്റിവ് എനർജി തന്നെ...!

"കണ്ണീർ "




സ്നേഹത്തിന്റെ പ്രതിഫലം കണ്ണീരായിരിക്കാം... ആ സ്നേഹം എന്നെ കരയിച്ചോട്ടെ, പക്ഷെ ഞാൻ സ്നേഹിക്കുന്നവർ കരയാതിരിക്കട്ടെ !


സ്നേഹം നിന്നെ കരയിച്ചിട്ടില്ലെങ്കിൽ, നിന്റെ രാത്രികളിലെ  ഉറക്കം കേടുതിയിട്ടില്ലെങ്കിൽ, നിന്റെ മനസ്സിനെ അസ്വസ്ഥമാക്കിയിട്ടില്ലെങ്കിൽ നീ മനസ്സിലാക്കുക..ഇന്നോളം നീ ആരെയും സ്നേഹിച്ചിട്ടില്ല !

കരയിപ്പിക്കുന്നതിനേക്കാൾ സ്വയം കരയുകയും ചിരിക്കുന്നതിനേക്കാൾ ചിരിപ്പിക്കുകയും ചെയ്യുക ! എങ്കിൽ നാളെ അവർ അവനു വേണ്ടി കരയും, അവരുടെ പ്രാർത്ഥന അവനിലേക്കെത്തും ! ആ ജന്മം സഫലം !!
ഇന്നലെ നെല്ലിചോടിന്റെ "കരയാനറിയാത്തവർ കിരാതനാണ് " എന്ന പോസ്റ്റ്‌ വായിച്ചപ്പോ ജീവിതം പിന്നിട്ട വഴികളിൽ മനമുരുകി കരഞ്ഞൊരുപാടു ചിത്രങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു...

കുട്ടിക്കാലത്ത് ബോർഡിങ്ങിൽ പഠിക്കുന്ന കാലം ഉപ്പ ലീവിന് വരുമ്പോൾ വീട്ടിലേക്ക് വരാൻ സാധിക്കാതെ....

കോളേജിലെ അതിരുവിട്ട വികൃതികളറിഞ്ഞ് വീട്ടിൽ ഉപ്പ പൊട്ടിത്തെറിച്ചപ്പൊ പൊട്ടിക്കരഞ്ഞ ഉമ്മയുടെ കണ്ണീർ കണ്ട്....

അവിചാരിതമായി പരിചയപ്പെട്ട്, കൂടുതൽ അടുത്ത്, അതിലേറെ ഇഷ്ടപ്പെട്ട്, ഒരുപാട് സ്നേഹിച്ച്, പ്രണയിച്ച് ഒടുക്കം അവൾ മറ്റൊരുത്തന്റെ ഭാര്യയായ ദിവസം ജീവിതത്തോട് തന്നെ വെറുപ്പ്‌ തോന്നിയ നിമിഷങ്ങളിൽ....

ഒടുക്കം, പ്രവാസത്തിലേക്ക് മടക്കയാത്ര തിരിക്കുന്നതിന്റെ തലേനാൾ എന്റെ നെഞ്ചോടു ചേര്‍ന്ന് കിടന്ന് ഹൃദയത്തുടിപ്പിന്റെ വേഗതയറിഞ്ഞെന്നോണം അവളുടെ കണ്ണീരാൽ ഞാൻ നനഞ്ഞപ്പോൾ....., തൊട്ടടുത്ത്‌ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന എന്റെ പൊന്നുമോളുടെ മുഖം കണ്ട്...

സുഖവും ദുഖവും സന്തോഷങ്ങളും പ്രയാസങ്ങളും ഒക്കെ ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം അല്ലെ....? പട്ടിണി കിടന്നവനെ വിശപ്പിന്റെ വിലയറിയൂ എന്ന പോലെ ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിച്ചനെ സുഖങ്ങളുടെ വിലയറിയൂ...അപ്പോഴേ ആ സുഖങ്ങൾക്ക് മാധുര്യം കൂടൂ...!

സുഖവും ദുഖവും സന്തോഷങ്ങളും പ്രയാസങ്ങളും നിന്നിൽ നിന്ന് തന്നെയാനെന്നറിയാം...സുഖങ്ങളിൽ അതിരുവിട്ടു സുഖിക്കാതിരിക്കാനും പ്രയാസങ്ങളിൽ തളരാതിരിക്കാനും നീ ഞങ്ങൾക്ക് കരുത്തേകണേ നാഥാ....!