ദൈവത്തിന്‍റെ അധൃശ്യ കൈകൾ



ജീവിതത്തിൽ പലഘട്ടത്തിലും നിനച്ചിരിക്കാതെ സഹായങ്ങൾ മുന്പിലേക്കു വരുമ്പൊ ദൈവത്തിന്റെ കൈകൾ എന്ന് തോന്നിയിരിക്കാം.

അങ്ങനെ ഒരാളായി സ്വയം മറ്റൊരാളുടെ മുന്പിലേക്കു അവിചാരിതമായി നിർണ്ണായകമായ ഒരു ഘട്ടത്തിൽ എത്താൻ കഴിയുമ്പൊ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമായിരിക്കും നമുക്ക് നൽകുക.

കൂട്ടുകാരനെ എയർപ്പോർട്ടിൽ കൊണ്ട് വിടാൻ പോയതായിരുന്നു...

ട്രോളിയിൽ ലെഗേജുമേന്തി കവാടത്തിനരികിലെത്തിയപ്പോൾ കുറച്ചു പ്രായമായൊരാൾ കവാടത്തിനരികിൽ തലക്ക് കയ്യും കൊടുത്തിരിക്കുന്നു. കാഴ്ചയിൽ മലയാളിയാണെന്ന് ഉറപ്പായി. കണ്ണിൽ നിന്നും കവിളിലൂടെ ഒഴുകുന്ന കണ്ണീർ ഇടക്കിടെ തുടക്കുന്നുണ്ട്.

ആ രംഗം കണ്ടിട്ട് കാണാത്തെപോലെ പോവാൻ മനസ്സനുവധിച്ചില്ല.അവരുടെ അടുത്ത് ചെന്നിരുന്ന് കാര്യം തിരക്കി. ഒറ്റ ശ്വാസത്തിൽ വളരെ വിഷമത്തോടെ പ്രയാസപ്പെട്ട് അവർ കാര്യം പറഞ്ഞു...

"മോനേ...ഞാൻ ട്ടാക്സിയിൽ ഇറങ്ങി ലെഗ്ഗേജ് ഇവിടെ വെച്ച് ട്രോളി എടുക്കാൻ പോയി വന്നപ്പോയേക്കും എന്റെ പെട്ടീം സാദനങ്ങളും കാണാനില്ല. പാസ്പോർട്ടും ടിക്കറ്റും റീ-എന്റ്രിയും എല്ലാം അതിലാണ്...വിമാനത്തിന്റെ സമയമായി. ഇനി ഞാനെങ്ങനെ നാട്ടിൽ പോവും."

ആ നിസഹായതയിൽ കൈ വിടാൻ തോന്നിയില്ല ആ പാവത്തിനെ...

"ഉപ്പാ..ഇങ്ങള് വരൂ..നമ്മക്ക് നോക്കാം" എന്നും പറഞ്ഞ് കൈ പിടിച്ച് എഴുന്നേൽപിച്ചു...

കുറച്ചു നേരം പരതിയിട്ടും ആളുകളോട് അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടാഞ്ഞതിനാൽ നേരെ ഇൻഫർമേഷൻ സെന്ററിൽ പോയി പരാതി പറഞ്ഞു...അവിടന്നവർ മുറൂർ (പോലീസ്) ൽ പോയി കമ്പ്ലൈന്റ് കൊടുക്കാൻ പറഞ്ഞു...മുറൂറിലെ മനുഷ്യപ്പറ്റില്ലാത്ത ആ കാട്ടറബികളുടെ നൂറ് ചോദ്യങ്ങൾക്കുള്ള ഉത്തരം ഒക്കെ കഴിഞ്ഞ് അവരുടെ പേരും നമ്പറും ഒക്കെ വാങ്ങി കമ്പ്ലൈന്റ് രെജിസ്റ്റർ ചെയ്തു ഒപ്പും വാങ്ങി... വല്ല വിവരവും കിട്ടിയാൽ ഈ നമ്പറിൽ വിളിക്കാമെന്ന് പറഞ്ഞതല്ലാതെ അവർക്ക് വല്ല്യ താൽപര്യമൊന്നും ഇല്ല...

ബോർഡിംഗ് ക്ലോസ് ചെയ്യാൻ ഇനി അതിക സമയം ഇല്ല. എന്ത് ചെയ്യും എന്നൊരു പിടിയും ഇല്ല. എന്റെ കയ്യിൽ മുറുക്കിപ്പിടിച്ച ആ വിറയുന്ന കരങ്ങളും നിറഞ്ഞ കണ്ണുകളും ഉപേക്ഷിക്കാൻ മനസ്സും വരുന്നില്ല.
ഒരു അവസാന ശ്രമമെന്നോണം ഞാനവരോട് പറഞ്ഞു...

"ഉപ്പാ..നമുക്കൊന്ന് കൂടി മുഴുവൻ ഒന്ന് നോക്കാം.."

അവരെയും കൂട്ടി എയർപ്പോർട്ടിന്റെ ഒന്നാം നമ്പർ ഗേറ്റ് മുതൽ ഓരോ ഗേറ്റിലും പരതി. ദൈവാനുഗ്രഹത്താൽ നാലാമത്തെ ഗേറ്റിനടുത്തെത്തിയപ്പോൾ സാദനവും കിട്ടി. പാവം നാലാമത്തെ ഗേറ്റിനരികിൽ ടാക്സി ഇറങ്ങി സാദനം ഇറക്കി ട്രോളി എടുത്ത് വന്നത് ഒന്നാമത്തെ ഗേറ്റിനടുത്തേക്ക്...ഒരേ പോലെയുള്ള ഗേറ്റുകൾ തിരിച്ചറിയാൻ പറ്റാതെ പറ്റിയ അബദ്ദം.

സമയം കളയാതെ ട്രോളിയിൽ ലെഗേജും കേറ്റി അവരെയും കൂട്ടി ബോർഡിംഗ് കൌണ്ടറിലേക്കോടി..

ഭാഗ്യത്തിന് കൌണ്ടർ അടച്ചിട്ടില്ല...

ബോർഡിംഗ് എടുത്ത് ലെഗ്ഗെജും വിട്ട് ബോർഡിംഗ് പാസ്‌ ആ കൈകളിലേക്ക് നീട്ടിയപ്പോൾ അതു വാങ്ങുന്നതിനു മുൻപേ എന്നെ കെട്ടിയങ്ങു പിടിച്ചു...

ശെരിക്കും കണ്ണ് നിറഞ്ഞു പോയി...

"മോനേ..ന്റെ കുട്ടീനെ പടച്ചോൻ അയച്ചതാ.. ന്റെ മുമ്പ്ക്ക്...അല്ലെങ്കി ഞാൻ അവിടെ തലക്ക് കജ്ജും കൊട്ത്ത് മേപ്പോട്ടും നോക്കി കുത്തർന്നേനെ..."

ആ വാക്കുകൾ എനിക്ക് നൽകിയ സന്തോഷം വാക്കുകളിലൂടെ പറഞ്ഞോ അക്ഷരങ്ങളിലൂടെ എഴുതിയോ അറിയിക്കാൻ പറ്റുന്നതിനും അപ്പുറം.

കർണ്ണാടക സർക്കാരിന്റെ നീതിയുടെ ഇരട്ടതാപ്പ് ...!




നീതിയുടെ ഈ ഇരട്ട മുഖം മനസ്സിലാക്കാൻ ഐ.എസ്.ആര്‍.ഒയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കടക്കാന്‍ ശ്രമിച്ചതിന് ബംഗളൂരു പൊലീസ്പിടിയിലായ ബ്യൂല എം. സാം എന്ന വനിതയുടെ കേസും അബ്ദുനാസർ മഅദനിയുടെ കേസും കര്‍ണാടക സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി പരിശോധിച്ചാൽ മതി. അതീവ ഗുരുതരമായ കുറ്റങ്ങളുടെ പേരിലാണ് ഇരുവരും പിടിയിലായത്. എന്നാല്‍, നീതിയുടെ അളവുകോലിലും അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനത്തിലും ഈ അന്തരം എല്ലാ അർത്ഥത്തിലും നിലനില്‍ക്കുന്നു എന്നതാണ് ആശ്ചര്യകരം.

ബ്യൂല കടുത്ത ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും ഭര്‍ത്താവിന്റെ സാന്നിധ്യം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോളിളക്കം സൃഷ്ടിച്ച ഒരു കേസിന്റെ അന്വേഷണം പാതിവഴിയില്‍ നിൽക്കെ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ആരുമറിയാതെ ബ്യൂലക്ക് ജാമ്യം നല്‍കിയ ഈ നടപടിയെന്നോര്‍ക്കുക. ഈ കേസില്‍ പിടിക്കപ്പെട്ട സ്ത്രീ വല്ല മുസ്ലിം നാമദാരിയായിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില്. ഐ.എസ്.ഐ, അല്‍ഖാഇദ, ലഷ്കറെ ത്വയ്യിബ, പാകിസ്താന്‍, അന്താരാഷ്ട്ര തീവ്രവാദ ബന്ധം തുടങ്ങിയ വെളിപ്പെടുത്തലുകള്‍ അധികൃത പക്ഷത്തുനിന്നു തന്നെ ഉണ്ടാവും. മുൻപ് മഅദനിയുടെ കേസിന്റെ പിറകെ പോയ തെഹൽക റിപ്പോർട്ടർ കെ കെ ഷാഹിന ക്ക് വന്ന അവസ്ഥയും നമ്മൾ കണ്ടതാണ്.

2008ല്‍ നടന്ന ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് 2010 ആഗസ്റ്റില്‍ വിചാരണ തടവുകാരനായി മഅ്ദനി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലെത്തുന്നത്. അന്നു മുതല്‍ ഇന്നു വരെ ജാമ്യത്തിനുവേണ്ടി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. ബ്യൂല ഏകാന്തത അനുഭവിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴേക്ക് അവര്‍ക്ക് ജാമ്യം. അതേസമയം, പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരൊക്കെ മഅ്ദനിയുടെ കാഴ്ച നഷ്ടപ്പെട്ട കണ്ണുകള്‍ക്കും വേദനയും മരവിപ്പും അനുഭവിക്കുന്ന കാലുകള്‍ക്കും കടുത്ത പ്രമേഹം ബാധിച്ച ശരീരത്തിനും തുടര്‍ ചികിത്സ വേണമെന്ന് മനുഷ്യര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലൊക്കെ റിപ്പോര്‍ട്ട് നല്‍കിയിട്ടും മതിയായ ചികിത്സയോ ജാമ്യമോ ലഭിക്കുന്നില്ല.

ഇതാണോ മതേതര ജനാതിപത്യ ഭാരത പൈതൃകം...?

ഇതിൽ എവിടെ ജനാതിപത്യം...?

ഇതിലെവിടെ മതേതരത്വം...?