ഗാസ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന് സുഷമ സ്വരാജ് :




ഗാസ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന് സുഷമ സ്വരാജ് :

ഫലസ്തീന്‍ രാഷ്ട്ര പിതാവ് യാസര്‍ അറഫാത്ത് എന്നും ഇന്ത്യയെ അനുകൂലിച്ചായിരുന്നു നിന്നിരുന്നത് എന്നും ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധ സമയത്ത് റഷ്യ ഒഴികെ ഇസ്രയേല്‍ അടക്കമുള്ള സയണിസ്റ്റ് രാഷ്ട്രങ്ങള്‍ എല്ലാം പാക്കിസ്ഥാനെ അനുകൂലിച്ചപ്പോള്‍ അദ്ധേഹവും അദ്ധേഹത്തിന്റെ രാഷ്ട്രവും മാത്രമായിരുന്നു ഇന്ത്യക്കൊപ്പമായിരുന്നത് എന്ന കാര്യവും ആയമ്മ മറക്കരുത്.

ഈ അന്യായ രാഷ്ട്രത്തിന്‍റെ എല്ലാ ക്രൂരതകളിലും സഹകാരിയായി വര്‍ത്തിക്കുന്ന അമേരിക്കയുടെ അതേ ലൈനില്‍ തന്നെ, ഒരു മഹാ സംസ്കാരത്തിന്‍റെയും ചേരിചേരാ നയങ്ങളിലൂടെയും ബലം നേടിയ ഇന്ത്യയും നിരപരാധികളായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നിലവിളികള്‍ കേല്‍ക്കാതെ പോകുന്നതു അപകടകരമാണ്.

ലോക പ്രസിദ്ധ പിയാനിസ്റ്റ്‌ ആണ്റ്റണ്‍ കുയര്‍ത്തി പറഞ്ഞത് : "ഇസ്രായേല്‍ പെരുമാറ്റം ജൂതനായ എന്നെ ലജ്ജിപ്പിക്കുന്നു.. ഹമാസിനെതിരായ അമേരിക്കന്‍ നിലപാടിനെ താങ്ങുന്ന കനേഡിയന്‍ നയം, കനേഡിയനായ എന്നെ നാണം കെടുത്തുന്നു.." എന്നാണ്.

നിഷേധ വോട്ട്



നിഷേധ വോട്ട്



അഴിമതി വീരര്‍ക്കും, വര്‍ഗീയ കക്ഷികള്‍ക്കും, അവസരവാധികള്‍ക്കും, അപഥ സഞ്ചാരികള്‍ക്കും, ക്രിമിനലുകള്‍ക്കും വോട്ടില്ല എന്ന് ധൈര്യപൂര്‍വ്വം ബാലറ്റില്‍ രേഖപ്പെടുത്താന്‍ വോട്ടര്‍ക്കുള്ള അവസരം ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് അര്‍ഥവത്താക്കും.

വിഴിപ്പുകളെയും, കളങ്കിതരെയും വോട്ടര്‍മാരുടെ തലയില്‍ കെട്ടി വെയ്ക്കുന്ന ദുരന്തത്തിന അറുതിവരും. ഒരു പക്ഷേ, ചില മണ്ടലങ്ങളിലെങ്കിലും ‘ഈ സ്ഥാനാര്‍ത്ഥികളില്‍ ഒരാളെയും ഞങ്ങള്‍‍ക്ക് വേണ്ട’ എന്ന് ഭൂരിപക്ഷവും രേഖപ്പെടുത്തിയെന്നുമിരിക്കും.

അങ്ങനെ വന്നാല്‍ രണ്ടാമത് തെരെഞ്ഞെടുപ്പ് നടക്കുകയും മേല്‍പറഞ്ഞ വിഴുപ്പുകളെ അയോഗ്യരാക്കുകയും ചെയ്യണം. അപ്പോഴാണ്‌ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമെന്ന ജാനാതിപത്യ വ്യവസ്ഥക്ക് അര്‍ഥം വരുന്നത്.

ചില ബന്ധങ്ങള്‍




ചില ബന്ധങ്ങള്‍

മയില്‍പീലി പോലെ ആകാശം കാണിക്കാതെ­ ഹൃദയത്തില്‍ സൂക്ഷിക്കെണ്ടവയാണ് 

അകന്നിട്ടും അകലാതെ...
വഴക്കിട്ടിട്ടും വഴക്കില്ലാതെ...
പിണങ്ങിയിട്ടും പിണങ്ങാതെ...

പരസ്പരം സ്നേഹിച്ചുകൊണ്ട് വെറുക്കുകയോ...
വെറുത്തുകൊണ്ട് സ്നേഹിയ്ക്കുകയോ ചെയ്യാതെ...

സൗഹൃദത്തെക്കാൾ സ്വതന്ത്രവും സാഹോദര്യത്തെക്കാൾ തീവ്രവും
പ്രണയത്തെക്കാൾ മനോഹരവുമായ നിർവചിക്കാനാവത്ത വാക്കുകൾക്കതീതമായ എന്തോ ഒന്ന് !!

ദൈവത്തിന്‍റെ അധൃശ്യ കൈകൾ



ജീവിതത്തിൽ പലഘട്ടത്തിലും നിനച്ചിരിക്കാതെ സഹായങ്ങൾ മുന്പിലേക്കു വരുമ്പൊ ദൈവത്തിന്റെ കൈകൾ എന്ന് തോന്നിയിരിക്കാം.

അങ്ങനെ ഒരാളായി സ്വയം മറ്റൊരാളുടെ മുന്പിലേക്കു അവിചാരിതമായി നിർണ്ണായകമായ ഒരു ഘട്ടത്തിൽ എത്താൻ കഴിയുമ്പൊ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമായിരിക്കും നമുക്ക് നൽകുക.

കൂട്ടുകാരനെ എയർപ്പോർട്ടിൽ കൊണ്ട് വിടാൻ പോയതായിരുന്നു...

ട്രോളിയിൽ ലെഗേജുമേന്തി കവാടത്തിനരികിലെത്തിയപ്പോൾ കുറച്ചു പ്രായമായൊരാൾ കവാടത്തിനരികിൽ തലക്ക് കയ്യും കൊടുത്തിരിക്കുന്നു. കാഴ്ചയിൽ മലയാളിയാണെന്ന് ഉറപ്പായി. കണ്ണിൽ നിന്നും കവിളിലൂടെ ഒഴുകുന്ന കണ്ണീർ ഇടക്കിടെ തുടക്കുന്നുണ്ട്.

ആ രംഗം കണ്ടിട്ട് കാണാത്തെപോലെ പോവാൻ മനസ്സനുവധിച്ചില്ല.അവരുടെ അടുത്ത് ചെന്നിരുന്ന് കാര്യം തിരക്കി. ഒറ്റ ശ്വാസത്തിൽ വളരെ വിഷമത്തോടെ പ്രയാസപ്പെട്ട് അവർ കാര്യം പറഞ്ഞു...

"മോനേ...ഞാൻ ട്ടാക്സിയിൽ ഇറങ്ങി ലെഗ്ഗേജ് ഇവിടെ വെച്ച് ട്രോളി എടുക്കാൻ പോയി വന്നപ്പോയേക്കും എന്റെ പെട്ടീം സാദനങ്ങളും കാണാനില്ല. പാസ്പോർട്ടും ടിക്കറ്റും റീ-എന്റ്രിയും എല്ലാം അതിലാണ്...വിമാനത്തിന്റെ സമയമായി. ഇനി ഞാനെങ്ങനെ നാട്ടിൽ പോവും."

ആ നിസഹായതയിൽ കൈ വിടാൻ തോന്നിയില്ല ആ പാവത്തിനെ...

"ഉപ്പാ..ഇങ്ങള് വരൂ..നമ്മക്ക് നോക്കാം" എന്നും പറഞ്ഞ് കൈ പിടിച്ച് എഴുന്നേൽപിച്ചു...

കുറച്ചു നേരം പരതിയിട്ടും ആളുകളോട് അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടാഞ്ഞതിനാൽ നേരെ ഇൻഫർമേഷൻ സെന്ററിൽ പോയി പരാതി പറഞ്ഞു...അവിടന്നവർ മുറൂർ (പോലീസ്) ൽ പോയി കമ്പ്ലൈന്റ് കൊടുക്കാൻ പറഞ്ഞു...മുറൂറിലെ മനുഷ്യപ്പറ്റില്ലാത്ത ആ കാട്ടറബികളുടെ നൂറ് ചോദ്യങ്ങൾക്കുള്ള ഉത്തരം ഒക്കെ കഴിഞ്ഞ് അവരുടെ പേരും നമ്പറും ഒക്കെ വാങ്ങി കമ്പ്ലൈന്റ് രെജിസ്റ്റർ ചെയ്തു ഒപ്പും വാങ്ങി... വല്ല വിവരവും കിട്ടിയാൽ ഈ നമ്പറിൽ വിളിക്കാമെന്ന് പറഞ്ഞതല്ലാതെ അവർക്ക് വല്ല്യ താൽപര്യമൊന്നും ഇല്ല...

ബോർഡിംഗ് ക്ലോസ് ചെയ്യാൻ ഇനി അതിക സമയം ഇല്ല. എന്ത് ചെയ്യും എന്നൊരു പിടിയും ഇല്ല. എന്റെ കയ്യിൽ മുറുക്കിപ്പിടിച്ച ആ വിറയുന്ന കരങ്ങളും നിറഞ്ഞ കണ്ണുകളും ഉപേക്ഷിക്കാൻ മനസ്സും വരുന്നില്ല.
ഒരു അവസാന ശ്രമമെന്നോണം ഞാനവരോട് പറഞ്ഞു...

"ഉപ്പാ..നമുക്കൊന്ന് കൂടി മുഴുവൻ ഒന്ന് നോക്കാം.."

അവരെയും കൂട്ടി എയർപ്പോർട്ടിന്റെ ഒന്നാം നമ്പർ ഗേറ്റ് മുതൽ ഓരോ ഗേറ്റിലും പരതി. ദൈവാനുഗ്രഹത്താൽ നാലാമത്തെ ഗേറ്റിനടുത്തെത്തിയപ്പോൾ സാദനവും കിട്ടി. പാവം നാലാമത്തെ ഗേറ്റിനരികിൽ ടാക്സി ഇറങ്ങി സാദനം ഇറക്കി ട്രോളി എടുത്ത് വന്നത് ഒന്നാമത്തെ ഗേറ്റിനടുത്തേക്ക്...ഒരേ പോലെയുള്ള ഗേറ്റുകൾ തിരിച്ചറിയാൻ പറ്റാതെ പറ്റിയ അബദ്ദം.

സമയം കളയാതെ ട്രോളിയിൽ ലെഗേജും കേറ്റി അവരെയും കൂട്ടി ബോർഡിംഗ് കൌണ്ടറിലേക്കോടി..

ഭാഗ്യത്തിന് കൌണ്ടർ അടച്ചിട്ടില്ല...

ബോർഡിംഗ് എടുത്ത് ലെഗ്ഗെജും വിട്ട് ബോർഡിംഗ് പാസ്‌ ആ കൈകളിലേക്ക് നീട്ടിയപ്പോൾ അതു വാങ്ങുന്നതിനു മുൻപേ എന്നെ കെട്ടിയങ്ങു പിടിച്ചു...

ശെരിക്കും കണ്ണ് നിറഞ്ഞു പോയി...

"മോനേ..ന്റെ കുട്ടീനെ പടച്ചോൻ അയച്ചതാ.. ന്റെ മുമ്പ്ക്ക്...അല്ലെങ്കി ഞാൻ അവിടെ തലക്ക് കജ്ജും കൊട്ത്ത് മേപ്പോട്ടും നോക്കി കുത്തർന്നേനെ..."

ആ വാക്കുകൾ എനിക്ക് നൽകിയ സന്തോഷം വാക്കുകളിലൂടെ പറഞ്ഞോ അക്ഷരങ്ങളിലൂടെ എഴുതിയോ അറിയിക്കാൻ പറ്റുന്നതിനും അപ്പുറം.

കർണ്ണാടക സർക്കാരിന്റെ നീതിയുടെ ഇരട്ടതാപ്പ് ...!




നീതിയുടെ ഈ ഇരട്ട മുഖം മനസ്സിലാക്കാൻ ഐ.എസ്.ആര്‍.ഒയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കടക്കാന്‍ ശ്രമിച്ചതിന് ബംഗളൂരു പൊലീസ്പിടിയിലായ ബ്യൂല എം. സാം എന്ന വനിതയുടെ കേസും അബ്ദുനാസർ മഅദനിയുടെ കേസും കര്‍ണാടക സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി പരിശോധിച്ചാൽ മതി. അതീവ ഗുരുതരമായ കുറ്റങ്ങളുടെ പേരിലാണ് ഇരുവരും പിടിയിലായത്. എന്നാല്‍, നീതിയുടെ അളവുകോലിലും അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനത്തിലും ഈ അന്തരം എല്ലാ അർത്ഥത്തിലും നിലനില്‍ക്കുന്നു എന്നതാണ് ആശ്ചര്യകരം.

ബ്യൂല കടുത്ത ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും ഭര്‍ത്താവിന്റെ സാന്നിധ്യം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോളിളക്കം സൃഷ്ടിച്ച ഒരു കേസിന്റെ അന്വേഷണം പാതിവഴിയില്‍ നിൽക്കെ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ആരുമറിയാതെ ബ്യൂലക്ക് ജാമ്യം നല്‍കിയ ഈ നടപടിയെന്നോര്‍ക്കുക. ഈ കേസില്‍ പിടിക്കപ്പെട്ട സ്ത്രീ വല്ല മുസ്ലിം നാമദാരിയായിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില്. ഐ.എസ്.ഐ, അല്‍ഖാഇദ, ലഷ്കറെ ത്വയ്യിബ, പാകിസ്താന്‍, അന്താരാഷ്ട്ര തീവ്രവാദ ബന്ധം തുടങ്ങിയ വെളിപ്പെടുത്തലുകള്‍ അധികൃത പക്ഷത്തുനിന്നു തന്നെ ഉണ്ടാവും. മുൻപ് മഅദനിയുടെ കേസിന്റെ പിറകെ പോയ തെഹൽക റിപ്പോർട്ടർ കെ കെ ഷാഹിന ക്ക് വന്ന അവസ്ഥയും നമ്മൾ കണ്ടതാണ്.

2008ല്‍ നടന്ന ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് 2010 ആഗസ്റ്റില്‍ വിചാരണ തടവുകാരനായി മഅ്ദനി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലെത്തുന്നത്. അന്നു മുതല്‍ ഇന്നു വരെ ജാമ്യത്തിനുവേണ്ടി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. ബ്യൂല ഏകാന്തത അനുഭവിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴേക്ക് അവര്‍ക്ക് ജാമ്യം. അതേസമയം, പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരൊക്കെ മഅ്ദനിയുടെ കാഴ്ച നഷ്ടപ്പെട്ട കണ്ണുകള്‍ക്കും വേദനയും മരവിപ്പും അനുഭവിക്കുന്ന കാലുകള്‍ക്കും കടുത്ത പ്രമേഹം ബാധിച്ച ശരീരത്തിനും തുടര്‍ ചികിത്സ വേണമെന്ന് മനുഷ്യര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലൊക്കെ റിപ്പോര്‍ട്ട് നല്‍കിയിട്ടും മതിയായ ചികിത്സയോ ജാമ്യമോ ലഭിക്കുന്നില്ല.

ഇതാണോ മതേതര ജനാതിപത്യ ഭാരത പൈതൃകം...?

ഇതിൽ എവിടെ ജനാതിപത്യം...?

ഇതിലെവിടെ മതേതരത്വം...?

ഹർത്താൽ ആഘോഷം



കഴിഞ്ഞ വെക്കേഷനിൽ ടി വി കണ്ടു കൊണ്ടിരിക്കുന്ന കുട്ടികളുടെ ആഹ്ലാദാരവങ്ങൾ കേട്ട് കൊണ്ടാണ് ഒരു സുഹുർത്തിന്റെ വീട്ടിലേക്കു കയറിച്ചെന്നത്‌...ടി വി യിൽ ഫ്ലാഷ് ന്യൂസ്‌... "നാളെ ഹർത്താൽ". നിനച്ചിരിക്കാതെ കിട്ടിയ ഒരവധി.  പെരുന്നാളിന് മാസപ്പിറവി കണ്ടപോലെ കുട്ടികൾക്കും മുതിർന്നവർക്കും  എല്ലാവർക്കും എന്തൊരു സന്തോഷം. 

അവധിക്ക് നാട്ടിലെത്തിയിട്ട് ഒരാഘോഷങ്ങളിലും പങ്കെടുക്കാൻ പറ്റിയില്ല എന്ന ടെൻഷൻ മാറികിട്ടി കേരളത്തിന്റെ ഈ ദേശീയോത്സവത്തിൽ പങ്കെടുക്കാൻ അവസരം കിട്ടിയപ്പൊ. ഇതിനായി എങ്ങനെ ആളുകൾ തയ്യാറെടുക്കുന്നു എന്നറിയാൻ വെറുതെ അങ്ങാടിയിലേക്കൊന്നിറങ്ങി. എല്ലാവരും നല്ല സന്തോഷത്തോടെ ഒരുക്കത്തിലാണ്. ശെരിക്കും പെരുന്നാൾ തലേന്ന് വൈകുന്നേരം ഇറങ്ങിയ ഒരു പ്രതീതി. 

പലചരക്കു കടകളിലും പച്ചക്കറി മാർക്കറ്റിലും ഇറച്ചിക്കടകളിലും എല്ലായിടത്തും നല്ല തിരക്ക് തന്നെ. അതിനേക്കാൾ എന്നെ അതിശയിപ്പിച്ചത് സാദനങ്ങളുടെ വിലയാണ്. ഡിമാന്റ് അനുസരിച്ച് വില കൂടും പോലും. എന്നിട്ടും ആളുകൾക്ക് ഒരു പരാതിയും ഇല്ല. വളരെ സന്തോഷത്തോടെ ചോദിച്ച കാശും കൊടുത്തു വാങ്ങുന്നു. 

പ്രവാസികൾക്ക് ഈ ഹർത്താൽ ഒരു ശല്ല്യവും നഷ്ടവും ആയി തോന്നാമെങ്കിലും നാട്ടിൽ താമസിക്കുന്നവർക്ക് ഇത് ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ചുളുവിൽ കിട്ടുന്ന എതോരവധിയും ആഘോഷമാക്കി ജനം ഇതിനെ സ്വീകരിക്കുന്നിടത്തോളം കാലം ഇതിനൊരു മാറ്റം വരുമെന്ന പ്രതീക്ഷയും ഇല്ല.

ഏതു പാര്ട്ടി ഹർത്താൽ നടത്തിയാലും ഇപ്പൊ കേരളത്തിൽ പൊതു ജീവിതം അക്ഷരാർത്ഥത്തിൽ സ്തംഭനം തന്നെ...ഇവർ ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും തന്നെ അംഗീകരിക്കപ്പെട്ടുട്ടുണ്ടാവില്ല, എങ്കിലും പിറ്റേ ദിവസം വലിയ തലക്കെട്ടിൽ വാർത്ത കാണാം..."ഹർത്താൽ വൻ വിജയം " ഈ വിജയം എന്നത് കൊണ്ട് ഇവർ എന്താണ് ഉദേശിക്കുന്നത്? ഇങ്ങനെ പൊതു ജീവിതം സ്തംഭിപ്പിച്ചതോ? കഷ്ടം തന്നെ...

സോണി ഭട്ടതിരിപ്പാട് എവിടെ ?




സോണി ഭട്ടതിരിപ്പാട് എന്ന കേരളം മുഴുവന് അറിയപ്പെട്ടിരുന്ന ഈ മാധ്യമ പ്രവര്ത്തകനെ കാണാതായിട്ട് ഏതാണ്ട് അഞ്ചു വർഷം കഴിയുന്നു...

ആരാന്റെ കിടപ്പറയിൽ കേറിയിട്ടാണെങ്കിലും സെൻസേഷൻ ന്യൂസ്‌ ഉണ്ടാക്കുന്നതിന്റെ ഓട്ടത്തിനിടയിൽ വർഗ സ്നേഹമില്ലാത്ത മാധ്യമ ലോകത്തിനും ( അമൃത ടിവി ഒഴികെ ) ഈ സംഭവത്തിൽ താൽപര്യമില്ല.

മലയാള മനോരമ കാസർഗോഡ്‌ ബ്യൂറോ ചീഫ് ആയിരുന്ന സമയത്ത് എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ കണ്‍മുൻപിലേക്ക് എത്തിച്ചതിൽ സോണി വഹിച്ച പങ്ക് നിർണ്ണായകമായിരുന്നു. മനോരമ ചാനൽ തുടങ്ങിയപ്പോൾ ന്യൂസ്‌ അവതാരകനായി "നിങ്ങൾ ആവശ്യപ്പെട്ട വാർത്തകൾ " എന്ന വളരെ ജനശ്രദ്ധ നേടിയ പരിപാടി ജനങ്ങളിലേക്ക് എത്തിച്ച സോണിയുടെ ഫോട്ടോ മനോരമ കേരളത്തിലുടനീളം സ്ഥാപിച്ചിരുന്നു. വിത്യസ്തമായ അവതരണ ശൈലിയിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം സോണി നേടിയിരുന്നു. മനോരമ വിട്ടു ഇന്ത്യവിഷനിൽ എത്തിയപ്പോഴും ആ ഇഷ്ടം അതെപടി നിലനിർത്താൻ സോണിക്കായി.

എന്ത് കൊണ്ട് സോണിയെപ്പോലുള്ള അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകനെ കണ്ടുപിടിക്കാൻ ഇതുവരെ ആയില്ല ? എന്ത്കൊണ്ട് ഈ ഒരു തിരോധാനം അവരുടെ വെറും കുടുംബപ്രശ്നമായി മാത്രം ഒതുങ്ങി ? 


തിമിരം ബാധിച്ച കണ്ണുകൾ തുറക്കട്ടെ....

അച്ഛനെ കാത്തിരിക്കുന്ന മക്കൾക്ക് വേണ്ടി... !

ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യക്ക് വേണ്ടി ...!!
വഴി കണ്ണുമായി മകനെ കാത്തിരിക്കുന്ന വൃദ്ധരായ ഒരച്ഛനും അമ്മയ്ക്കും വേണ്ടി...!!!