“നടവഴികളിലെ നേരുകള്‍” - ഷെമി
മലയാള സാഹിത്യത്തിലെ ആന്‍ഫ്രാങ്ക് എന്ന് വിശേഷിപ്പിക്കാവുന്ന രചന.
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ബുക്ക്‌ സ്റ്റാളുകളില്‍ കയറി ഇറങ്ങുമ്പോള്‍ എവിടെയും മുനിരയില്‍ തന്നെ കണ്ടിരുന്നു “നടവഴികളിലെ നേരുകള്‍” എന്ന ഈ നോവല്‍.
പരിചയമില്ലാത്ത രചയിതാവ് ആയത് കൊണ്ടോ, കൊണ്ട് വരാന്‍ പറ്റുന്നതിലതികം നേരത്തെ വാങ്ങിച്ച് കൂട്ടിയത് കൊണ്ടോ ആവാം മറിച്ചു നോക്കിയെങ്കിലും എടുക്കാന്‍ തോന്നിയില്ല. തിരിച്ചു ഇവിടെ വന്നതിനു ശേഷം ആണ് വായിച്ചവരില്‍ നിന്നും പുസ്തകത്തെ കുറിച്ച് അറിയുന്നത്.
കയ്യില്‍ കിട്ടി അത്ര പ്രതീക്ഷയോടെയല്ലെങ്കിലും വായിച്ചു തുടങ്ങി നാലാമത്തെ ദിവസം 639 മത്തെ പേജും തീരുന്നത് വരേ മറ്റൊന്നും ചിന്തയിലുണ്ടായിരുന്നില്ല. അതി മനോഹരമായൊരു പുസ്തകം
ദാരിദ്ര്യത്തിന്‍റെ കുപ്പക്കുഴിയില്‍ ജനിച്ച് അനാഥത്വത്തിന്‍റെ നീണ്ട പാതകള്‍ താണ്ടേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതകഥ. ജീവിതത്തില്‍ ഒരു പെണ്‍കുട്ടി ഇത്രമാത്രം പരീക്ഷണങ്ങള്‍ എങ്ങനെ അതിജീവിക്കുമെന്ന് നമ്മള്‍ അതിശയിച്ചു പോകും. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും കിടപ്പാടം വസ്ത്രം എന്നിവയ്ക്ക് ഉമ്മയുടെയും ഉപ്പയുടെയും കൂടെപ്പിറപ്പുകളുടെയും കൂടെ അലയുന്ന ഒരു കുട്ടിക്കാലം.
കഥയുടെ തുടക്കം മുതല്‍ അവസാനം വരയോളം ദുസ്വപ്നം പോലെ ഇടയ്ക്കിടെ കയറി വരുന്ന മൂത്ത സഹോദരങ്ങളായ മുനീറും തൌസറും ജാഫറും, അവരുടെതായ ലോകത്ത് ജീവിക്കുന്ന മൂത്ത സഹോദരിമാരും. എല്ലാം ഒരിക്കല്‍ നേരയാവും എന്ന ശുഭാപ്തിവിശ്വാസത്തോടെ കുട്ടികാലം മുതല്‍ക്കേ ജോലിയും അതിലേറെ പ്രാധാന്യം കൊടുത്ത് പഠനവും മുന്നോട്ടു കൊണ്ട് പോവുന്ന ഒരു മനുഷ്യജന്മത്തിന്‍റെ നരകയാതന.
നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ താന്‍ അനുഭവിച്ച വിധിയുടെ ഓരോ ക്രൂരതയിലും വായനക്കാരനില്‍ സഹാനുഭൂതിയും ചിന്തയും ഉണര്‍ത്തുന്നതോടൊപ്പം താന്‍ അനുഭവിച്ച ആകുലതകളുടെ മലവെള്ളപ്പാച്ചിലിനെ നര്‍മ്മമായി നോക്കിക്കണ്ടുകൊണ്ടാണ് ഷെമി “നടവഴികളിലെ നേരുകള്‍” എന്ന ആത്മകഥാപരമായ നോവല്‍ രചിച്ചിരിക്കുന്നത്.
പ്രസാധനം : ഡി സി ബുക്സ്
വില : 495 രൂപ

No comments:

Post a Comment