വര്‍ത്തമാനകാല വര്‍ഗീയ ധ്രുവീകരണത്തിനെതിരായുള്ള രാഷ്ര്ടീയമാണ് ഈ നോവല്‍

ദൈവത്തിന്‍റെ പുസ്തകം എന്ന നോവലിന്‍റെ ഏറ്റവും വലിയ പ്രത്യേകത നബിയുടെയും കൃഷ്ണ ജീവിതകഥയുടെ ഫിക്ഷന്‍ രൂപമാണ് ഇതെന്നതാണ്.

ദൈവത്തിന്‍റെ പുസ്തകം എന്ന പേരില്‍ നിന്നുതന്നെ മനസ്സിലാക്കാം ഈ നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയമെന്തായിരിക്കുമെന്ന്. എന്നാല്‍ പുസ്തകം വായിക്കുന്നവര്‍ തമോഗര്‍ത്തം, സ്പേസ് സെന്‍റെര്‍, സാറ്റലൈറ്റ് വിക്ഷേപണങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍, അത് കൈകാര്യം ചെയ്തതിലെ സൂക്ഷ്മത ഇവയെല്ലാം വായിച്ച് അദ്ഭുതപ്പെടും. എപ്പോഴും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ദൈവവും സയന്‍സും തമ്മില്‍ ബ്ളെന്‍ഡ് ചെയ്യാനുള്ള ശ്രമമാണ് ഈ നോവലില്‍.

തമോഗര്‍ത്ത സ്വാധീനത്താല്‍ സംഭവിക്കുന്ന കൃഷ്ണനബി പ്രഭാവം കൊണ്ട് ഭൂലോകം നവീകരിക്കപ്പെടുന്ന രീതിയിലാണ് നോവല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അതിന്‍്റെ ഭാഗമായി മാനവചരത്രം ഉണ്ടായതുമുതലുള്ള കാര്യങ്ങളെല്ലാം കൃഷ്ണന്‍്റെയും നബിയുടേയും മുന്നില്‍ ഒരു വേദിയിലെന്ന പോലെ ചിത്രീകരിക്കപ്പെടുന്നു. അപ്പോള്‍ അവര്‍ക്ക് തോന്നുകയാണ്, വര്‍ത്തമാനകാല ശുദ്ധിക്ക് ഭൂതകാല ശുദ്ധിയും ആവശ്യമാണെന്ന്.

അങ്ങനെ പഴയ ചരിത്ര നായകരെല്ലാം സ്വയം തിരുത്തുകയും നവീകരിക്കുകയും ചെയ്യുന്നു. ആ പ്രക്രിയയുടെ ഭാഗമായാണ് ഹിറ്റ്ലറും മാര്‍ക്സും ഗാന്ധിജിയുമെല്ലാം നോവലില്‍ പ്രത്യക്ഷപ്പെടുന്നത്. ഹിറ്റ്ലര്‍ തന്നെ സ്വയം നശിപ്പിച്ച ചരിത്രനിയോഗങ്ങളെ മുഴുവന്‍ തിരുത്താന്‍ ശ്രമിക്കുന്നു. മാര്‍ക്സ് ഭാവിയിലൊരു സ്റ്റാലിന്‍ സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത മൂലധനത്തിന്‍റെ തുടര്‍വോള്യങ്ങളില്‍ പുലര്‍ത്തുന്നു. ഗാന്ധിജി ഇന്ത്യാവിഭജനം സംഭവിക്കാതിരിക്കാനുള്ള മുന്‍കൂര്‍ കരുതലുകള്‍ എടുക്കുന്നു. ലോകചരിത്രത്തെ അതിന്‍റെ വര്‍ത്തമാനവും ഭൂതവും വെച്ച് രാഷ്ട്രീയമായി വിശകലനം ചെയ്യാനുള്ള സാഹിത്യസങ്കേതമായാണ് ഇത്തരം ഫാന്‍റസികള്‍ നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്.

പ്രസാധകര്‍: ഡി സി ബുക്ക്‌സ്‌
വില : 525

No comments:

Post a Comment