പ്രണയത്തിന്റെ കപ്പലില്‍ കോളറയുടെ പതാക ഉയര്‍ത്തി ഒരിക്കലും തീരാത്ത യാത്ര പോവുന്ന കമിതാക്കളുടെ കഥ പറയുന്ന “കോളറാ കാലത്തെ പ്രണയം “.

പ്രണയത്തെപ്പറ്റി ഇതിലും മനോഹരമായി ആരും എഴുതിയിട്ടില്ലാ എന്ന് തോന്നുന്നു.

മാര്‍കേസ് സൃഷ്ടിക്കുന്ന ഇന്ദ്രജാ‍ലം അനന്യമാണ്. കാലത്തിനും ജരനരകള്‍ക്കും സദാചാര തത്ത്വശാസ്ത്രത്തിനും അതീതമായ ഒരു പ്രണയസങ്കല്പത്തിലേക്ക് നമ്മുടെ സങ്കുചിതമായ മനസ്സിനെ നയിക്കുന്ന ഈ നോവല്‍ ഒരു അത്ഭുതസൃഷ്ടി തന്നെ. ഡോ ജുവനാല്‍ അര്‍ബിനോയുടെ മരണത്തിന് ശേഷം പിന്നിലേക്ക് തൂങ്ങിക്കിടക്കുന്ന ഓര്‍മകളിലൂടെയാണ് മാര്‍കേസ് കഥ പറയുന്നത്.

വായന ഇഷ്ടപ്പെടുന്ന ഒരാളും തന്നെ ഇതു വായിക്കാതെ പോവരുത്.


വായനക്കരനെ തന്‍റെ അനുഭവങ്ങൾ ആക്കി അനുഭവിപ്പിച്ച് കൊണ്ട് പാരമ്പര്യ സഞ്ചാരാഖ്യാനങ്ങളിൽ നിന്ന് മാറി തന്റേതായ ശൈലിയിൽ പ്രവാസത്തിന്‍റെ നോവും നനവും പകർത്തുന്ന ഈ പുസ്തകം ഒറ്റ ശ്വാസത്തിൽ വായിച്ചു തീർക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുവാനാവുന്നുണ്ട് എഴുത്തുകാരന്. 

പ്രവാസം, പ്രണയം, വിരഹം, പട്ടിണി, അധിനിവേശം തുടങ്ങിയ പ്രമേയങ്ങളെ കാല്‍പനിക നിറക്കൂട്ടില്‍ സാഹിത്യ കസർത്തുകളുടെ മുഴച്ചു നിൽക്കലുകളോ ഇല്ലാതെ ഈ കൃതി വായനക്കാരനു വേറിട്ടൊരു വായന നല്‍കുന്നു.

എന്നോ ഇരതേടി പറന്നുചെന്ന് ഏറെ കഷ്ടപ്പെട്ട് വീടിനെയും നാടിനെയും പോറ്റുന്നതിനിടയില്‍ പ്രവാസത്തിന്‍റെ ഇടുങ്ങിയ തെരുവില്‍ അന്നം തേടിയെത്തുന്ന പാവപ്പെട്ട പ്രവാസികളെ തീറ്റിപ്പോറ്റുന്നവരുടെ നിഷ്‌കളങ്ക സ്‌നേഹത്തെപ്പറ്റി സ്വന്തം അനുഭവങ്ങള്‍ ചാലിച്ച് കഥാകാരന്‍ വരക്കുന്ന നേര്‍സാക്ഷ്യങ്ങള്‍ അതീവ ഹൃദ്യമാണ്.

അറബി ജീവിതത്തിന്‍റെയും ജീവിതം ഒരു കരക്കെത്തിക്കാന്‍ പ്രവാസം തേടുന്നവന്‍റെയും മരുഭൂമണമുള്ള കഥകള്‍ ദൈവത്തിന്‍റെ നിശ്ചയമെന്നോണം അവര്‍ക്കൊപ്പം മരുഭൂമിയില്‍ അവരിലൊരാളായി അലയുകയാണ്ഗ്രന്ഥകാരന്‍.

ഗോപാലന്‍ കുട്ടിയുടെ യാത്രകളും തലശ്ശേരി മട്ടാമ്പുറത്തുകാരി ഹലീമത്തയുടെ പത്തു ജന്മങ്ങളും ആറാം വളവില്‍ വെച്ച് പരിചയപ്പെടുന്ന വയനാട്ടിലെ സുല്‍ത്താന്‍റെയും റുസ്താക്കിലെ ഫാത്തിമയുടെ കഥകളുമടക്കം ഒട്ടേറെ പ്രവാസ നൊമ്പരങ്ങള്‍ വായനക്കാരുമായി പങ്കു വെക്കുന്നു.

പ്രസാധനം : പ്രതീക്ഷ ബുക്സ്
വില : 190 രൂപ


“വംശം” – മാര്‍ട്ടിന്‍ ഈരേശ്ശേരില്‍

പഴയ നിയമത്തിനെ ആധാരമാക്കി ബൈബിള്‍ പാശ്ചാത്തലമായുള്ള മലയാളത്തില്‍ അപൂര്‍വ്വമെന്നു വിശേഷിപ്പിക്കാവുന്ന ഒരു നോവല്‍.

ഈശ്വരസാന്നിധ്യത്തിന്‍റെ ഉന്മാദത്തില്‍ അധികാരത്തിന്‍റെ പിടി വലികളുടെയും, അഹങ്കാരത്തിന്‍റെയും, പ്രതികാരത്തിന്‍റെയും, കാരുണ്യത്തിന്‍റെയും, ലൈംഗീകതൃഷ്ണകളുടെയും കഥ.

ഒരു ജനതയുടെ ചരിത്രഗാഥ.

ദാവീദിന്‍റെ മരണത്തലേന്ന്‌ തുടങ്ങി ശലോമന്‍റെ കിരീടധാരണത്തില്‍ അവസാനിക്കുന്ന കഥ. ഫ്ളാഷ്‌ ബാക്ക്‌ എന്ന കഥാകഥന രീതി. അതിത്രയും ഗംഭീരമായി അടുത്തയിടെ വായിച്ച പുസ്തകങ്ങളിൽ കണ്ടിട്ടില്ല. എങ്കിലും ഒരിടത്ത്‌ പോലും വായനയുടെ ഒഴുക്കിനത്‌ തടസ്സമാകുന്നില്ല. നമ്മുടെ കൺമുന്നിൽ നടക്കുന്നതുപോലെ, കഥാപാത്രങ്ങളുടെ ബാഹുല്യം ഒരിക്കൽ പോലും ശല്യപ്പെടുത്തിയില്ല എന്നത്‌ കഥയെഴുത്തുകാരന്‍റെ കയ്യടക്കം.

പുസ്തകം തപാല്‍ വഴി ഗ്രന്ഥകാരനില്‍ നിന്നും നേരിട്ട് വി പി പി ആയി ലഭിക്കാന്‍ മാര്‍ട്ടിന്‍ ഈരേശ്ശേരിയുമായി ഇന്‍ബോക്സില്‍ ബന്ദപ്പെടാം



വര്‍ത്തമാനകാല വര്‍ഗീയ ധ്രുവീകരണത്തിനെതിരായുള്ള രാഷ്ര്ടീയമാണ് ഈ നോവല്‍

ദൈവത്തിന്‍റെ പുസ്തകം എന്ന നോവലിന്‍റെ ഏറ്റവും വലിയ പ്രത്യേകത നബിയുടെയും കൃഷ്ണ ജീവിതകഥയുടെ ഫിക്ഷന്‍ രൂപമാണ് ഇതെന്നതാണ്.

ദൈവത്തിന്‍റെ പുസ്തകം എന്ന പേരില്‍ നിന്നുതന്നെ മനസ്സിലാക്കാം ഈ നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയമെന്തായിരിക്കുമെന്ന്. എന്നാല്‍ പുസ്തകം വായിക്കുന്നവര്‍ തമോഗര്‍ത്തം, സ്പേസ് സെന്‍റെര്‍, സാറ്റലൈറ്റ് വിക്ഷേപണങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍, അത് കൈകാര്യം ചെയ്തതിലെ സൂക്ഷ്മത ഇവയെല്ലാം വായിച്ച് അദ്ഭുതപ്പെടും. എപ്പോഴും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ദൈവവും സയന്‍സും തമ്മില്‍ ബ്ളെന്‍ഡ് ചെയ്യാനുള്ള ശ്രമമാണ് ഈ നോവലില്‍.

തമോഗര്‍ത്ത സ്വാധീനത്താല്‍ സംഭവിക്കുന്ന കൃഷ്ണനബി പ്രഭാവം കൊണ്ട് ഭൂലോകം നവീകരിക്കപ്പെടുന്ന രീതിയിലാണ് നോവല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അതിന്‍്റെ ഭാഗമായി മാനവചരത്രം ഉണ്ടായതുമുതലുള്ള കാര്യങ്ങളെല്ലാം കൃഷ്ണന്‍്റെയും നബിയുടേയും മുന്നില്‍ ഒരു വേദിയിലെന്ന പോലെ ചിത്രീകരിക്കപ്പെടുന്നു. അപ്പോള്‍ അവര്‍ക്ക് തോന്നുകയാണ്, വര്‍ത്തമാനകാല ശുദ്ധിക്ക് ഭൂതകാല ശുദ്ധിയും ആവശ്യമാണെന്ന്.

അങ്ങനെ പഴയ ചരിത്ര നായകരെല്ലാം സ്വയം തിരുത്തുകയും നവീകരിക്കുകയും ചെയ്യുന്നു. ആ പ്രക്രിയയുടെ ഭാഗമായാണ് ഹിറ്റ്ലറും മാര്‍ക്സും ഗാന്ധിജിയുമെല്ലാം നോവലില്‍ പ്രത്യക്ഷപ്പെടുന്നത്. ഹിറ്റ്ലര്‍ തന്നെ സ്വയം നശിപ്പിച്ച ചരിത്രനിയോഗങ്ങളെ മുഴുവന്‍ തിരുത്താന്‍ ശ്രമിക്കുന്നു. മാര്‍ക്സ് ഭാവിയിലൊരു സ്റ്റാലിന്‍ സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത മൂലധനത്തിന്‍റെ തുടര്‍വോള്യങ്ങളില്‍ പുലര്‍ത്തുന്നു. ഗാന്ധിജി ഇന്ത്യാവിഭജനം സംഭവിക്കാതിരിക്കാനുള്ള മുന്‍കൂര്‍ കരുതലുകള്‍ എടുക്കുന്നു. ലോകചരിത്രത്തെ അതിന്‍റെ വര്‍ത്തമാനവും ഭൂതവും വെച്ച് രാഷ്ട്രീയമായി വിശകലനം ചെയ്യാനുള്ള സാഹിത്യസങ്കേതമായാണ് ഇത്തരം ഫാന്‍റസികള്‍ നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്.

പ്രസാധകര്‍: ഡി സി ബുക്ക്‌സ്‌
വില : 525




കല്ലില്‍ കൊത്തിയെടുത്തതുപോലുള്ള അനേകം കഥാപാത്രങ്ങള്‍. അത്യന്തം വികാരതീക്ഷ്ണതയുള്ള എത്രയോ ജീവിതമുഹൂര്‍ത്തങ്ങള്‍. എല്ലുറപ്പുള്ള ഭാഷ. അസാധാണമാംവിധം ചൈതന്യവത്തായ ഇമേജുകള്‍. മനുഷ്യാവസ്ഥയുടെ നാനാമുഖങ്ങളെക്കുറിച്ചുള്ള മൗലികനിരീക്ഷണങ്ങള്‍ എന്നിങ്ങനെ ഈ നോവലുമായി ആത്മബന്ധം സ്ഥാപിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. അത്ഭുതകരമായ അളവില്‍ സരഗ്ഗോര്‍ജ്ജത്തിന്റെ വിനിയോഗം നടന്നിട്ടുള്ള കൃതിയാണിത്.

തച്ചനക്കര എന്ന ഗ്രാമത്തിലെ അയാട്ടുമ്പിള്ളി വീട്ടിലെ കാരണവരായ നാറാപിള്ളയില്‍ നിന്നും പൊട്ടി വിടര്‍ന്ന് രണ്ടു തലമുറകളിലൂടെ ഒരു ഗ്രാമത്തിന്‍റെയും അതിലൂടെ ഒരു ദേശത്തിന്‍റെ തന്നെയും ചരിത്രത്തിലേക്ക് വിസ്തൃതിയാര്‍ജ്ജിക്കുന്ന കഥ.

ദേശചരിത്രം ആഴത്തില്‍ ആഖ്യാനിക്കുന്ന ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങള്‍, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എസ്.കെ. പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, തകഴിയുടെ കയര്‍ തുടങ്ങിയ നോവലുകള്‍ക്ക് ശേഷം മലയാളത്തിന് ലഭിച്ച അപൂര്‍വ്വനോവലാണ് മനുഷ്യന് ഒരു ആമുഖം.

ആഖ്യാനശൈലികൊണ്ടും മലയാളഭാഷയുടെ ഭംഗികൊണ്ടും എല്ലാംകൊണ്ടും ഞാന്‍ വായിച്ച ഒരു നല്ല കൃതി തന്നെ മനുഷ്യനു ഒരു ആമുഖം.

പുരസ്കാരങ്ങള്‍:
ഓടക്കുഴൽ അവാർഡ് - 2011
നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2011
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം - 2014
വയലാർ പുരസ്കാരം – 2015

വില : 295 രൂപ
പ്രസാധനം : ഡി സി ബുക്സ്


“നടവഴികളിലെ നേരുകള്‍” - ഷെമി
മലയാള സാഹിത്യത്തിലെ ആന്‍ഫ്രാങ്ക് എന്ന് വിശേഷിപ്പിക്കാവുന്ന രചന.
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ബുക്ക്‌ സ്റ്റാളുകളില്‍ കയറി ഇറങ്ങുമ്പോള്‍ എവിടെയും മുനിരയില്‍ തന്നെ കണ്ടിരുന്നു “നടവഴികളിലെ നേരുകള്‍” എന്ന ഈ നോവല്‍.
പരിചയമില്ലാത്ത രചയിതാവ് ആയത് കൊണ്ടോ, കൊണ്ട് വരാന്‍ പറ്റുന്നതിലതികം നേരത്തെ വാങ്ങിച്ച് കൂട്ടിയത് കൊണ്ടോ ആവാം മറിച്ചു നോക്കിയെങ്കിലും എടുക്കാന്‍ തോന്നിയില്ല. തിരിച്ചു ഇവിടെ വന്നതിനു ശേഷം ആണ് വായിച്ചവരില്‍ നിന്നും പുസ്തകത്തെ കുറിച്ച് അറിയുന്നത്.
കയ്യില്‍ കിട്ടി അത്ര പ്രതീക്ഷയോടെയല്ലെങ്കിലും വായിച്ചു തുടങ്ങി നാലാമത്തെ ദിവസം 639 മത്തെ പേജും തീരുന്നത് വരേ മറ്റൊന്നും ചിന്തയിലുണ്ടായിരുന്നില്ല. അതി മനോഹരമായൊരു പുസ്തകം
ദാരിദ്ര്യത്തിന്‍റെ കുപ്പക്കുഴിയില്‍ ജനിച്ച് അനാഥത്വത്തിന്‍റെ നീണ്ട പാതകള്‍ താണ്ടേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതകഥ. ജീവിതത്തില്‍ ഒരു പെണ്‍കുട്ടി ഇത്രമാത്രം പരീക്ഷണങ്ങള്‍ എങ്ങനെ അതിജീവിക്കുമെന്ന് നമ്മള്‍ അതിശയിച്ചു പോകും. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും കിടപ്പാടം വസ്ത്രം എന്നിവയ്ക്ക് ഉമ്മയുടെയും ഉപ്പയുടെയും കൂടെപ്പിറപ്പുകളുടെയും കൂടെ അലയുന്ന ഒരു കുട്ടിക്കാലം.
കഥയുടെ തുടക്കം മുതല്‍ അവസാനം വരയോളം ദുസ്വപ്നം പോലെ ഇടയ്ക്കിടെ കയറി വരുന്ന മൂത്ത സഹോദരങ്ങളായ മുനീറും തൌസറും ജാഫറും, അവരുടെതായ ലോകത്ത് ജീവിക്കുന്ന മൂത്ത സഹോദരിമാരും. എല്ലാം ഒരിക്കല്‍ നേരയാവും എന്ന ശുഭാപ്തിവിശ്വാസത്തോടെ കുട്ടികാലം മുതല്‍ക്കേ ജോലിയും അതിലേറെ പ്രാധാന്യം കൊടുത്ത് പഠനവും മുന്നോട്ടു കൊണ്ട് പോവുന്ന ഒരു മനുഷ്യജന്മത്തിന്‍റെ നരകയാതന.
നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ താന്‍ അനുഭവിച്ച വിധിയുടെ ഓരോ ക്രൂരതയിലും വായനക്കാരനില്‍ സഹാനുഭൂതിയും ചിന്തയും ഉണര്‍ത്തുന്നതോടൊപ്പം താന്‍ അനുഭവിച്ച ആകുലതകളുടെ മലവെള്ളപ്പാച്ചിലിനെ നര്‍മ്മമായി നോക്കിക്കണ്ടുകൊണ്ടാണ് ഷെമി “നടവഴികളിലെ നേരുകള്‍” എന്ന ആത്മകഥാപരമായ നോവല്‍ രചിച്ചിരിക്കുന്നത്.
പ്രസാധനം : ഡി സി ബുക്സ്
വില : 495 രൂപ

കൌമാരത്തിന്‍റെ ചാപല്യങ്ങള്‍...


ഒരു കൂട്ടുകാരനൊപ്പം അവന്‍റെ ഒരാവശ്യത്തിനു നിലംമ്പൂരിലേക്കു പോവുകയായിരുന്നു. സമയം ഉച്ച കഴിഞ്ഞിട്ടുണ്ട്, യാത്രയില്‍ നല്ല ഒരു ഹോട്ടല്‍ ഒന്നും കിട്ടിയില്ല. അവന്‍റെ വക ആയതു കൊണ്ട് ചെറിയ ഹോട്ടലില്‍ ഒന്നും കയാറാന്‍ എന്‍റെ വികടമനസ്സനുവദിച്ചില്ല. അങ്ങനെ യാത്ര മദ്ധ്യേയുള്ള ഒട്ടുമിക്ക അങ്ങാടികളൊക്കെ പിന്നിട്ടു. ഇനി നിലമ്പൂര്‍ എത്തിയാലേ നല്ലൊരു ഹോട്ടല്‍ കിട്ടൂ. അതിനിനി ഇനിയും ഒരുപാട് ദൂരം താണ്ടണം.

രാവിലെ ലെവന്‍റെ തിരക്ക് കാരണം കാര്യമായി ഒന്നും കഴിച്ചുമില്ല. വിശന്നിട്ടാണേല്‍ കണ്ണും മൂക്കും കാണാന്‍ വയ്യ. ഇറങ്ങിയപ്പൊ ഉള്ള ആവേശം ഒക്കെ രണ്ടാള്‍ക്കും പോയിട്ടുണ്ട്. ആമാശയം കാലിയായാല്‍ പിന്നെത് ആവേശം അല്ലേ...
പെട്ടെന്നാണ് സുഹുര്‍ത്തിന്‍റെ ദൃഷ്ടിയില്‍ അതു പതിയുന്നത്. റോഡിനരികില്‍ അത്യാവശ്യം പ്രൌഢഗംഭീരമായ ഒരു കല്യാണപന്തല്‍. ഞങ്ങള്‍ രണ്ടാളും പരസ്പരം മുഖത്തോട് മുഖം നോക്കി, എങ്കിലും എന്‍റെ മുഖത്തൊരു വൈക്ലഭ്യം കണ്ട അവന്‍ പറഞ്ഞു...

“കാര്യാക്കണ്ട... ദേ കണ്ടില്ലേ വെല്‍ക്കം എന്നെഴുതി വെച്ചത്”

അതോടെ ഞാനും ഫുള്‍ ഒകെ...

"ഗതി കെട്ടാൽ പുലി പുല്ലും തിന്നും... " പുലിക്കു പുല്ലൊക്കെ തിന്നാം... മനുഷ്യർക്ക് പറ്റോ... മനുഷ്യർ വിളിക്കാത്ത കല്യാണവും ഉണ്ണും... അത്ര തന്നെ...

വണ്ടി പാര്‍ക്ക് ചെയ്തു നേരേ പന്തലിലോട്ട് കയറി. മുന്‍പില്‍ തന്നെ നിറപുഞ്ചിരിയുമായി കല്യാണ ചെക്കന്‍ കൈ തന്നു കൂടെ നിന്ന് ഒരു ഫോട്ടോയും എടുപ്പിച്ചു കുടിക്കാന്‍ വെള്ളവും തന്നു സ്വീകരിച്ചിരുത്തി. തൊട്ടു പിന്നാലെ മറ്റൊരാള്‍ ഭക്ഷണപുരയിലെക്കും. സമൃദമായി ചിക്കന്‍ ബിരിയാണിയും വെട്ടി വിഴുങ്ങി ഞങ്ങളിറങ്ങി.

പുറത്ത് ചെക്കനും കൂട്ടരും വധുവീട്ടിലേക്ക് ഇറങ്ങാനുള്ള പുറപ്പാടാണ്. ഒരു കാരണവര്‍ ഞങ്ങളോട് കൂടെ പോവുന്നില്ലേ എന്ന് ചോദിച്ചു. പെട്ടെന്നാണ് ഞാന്‍ പറഞ്ഞത്.

“പിന്നേ...ഞങ്ങള്‍ ഞങ്ങളുടെ വണ്ടിയില്‍ പുറകെ ഉണ്ട്..”

“ഇത്രേം വണ്ടി കാലിയായി പോവുമ്പോ ഇനി ഇങ്ങളെ വണ്ടീലും കൂടി എന്തിനാ പെട്രോള്‍ കത്തിക്കണേ”

എന്നും പറഞ്ഞു രണ്ടാളേം പിടിച്ച് ഒരു വണ്ടീല്‍ കേറ്റി. എസ്കേപ് ആവാന്‍ ശ്രമം നടത്തും മുന്‍പേ ആ വണ്ടി ഞങ്ങളേം കൊണ്ട് മുന്‍പേ പോയ വണ്ടികളെ എത്തിപിടിക്കാന്‍ പറന്നിരുന്നു.

പിന്നെ ഞങ്ങള്‍ തിരിച്ചെത്തുന്നത് വൈകുന്നേരം ആറു മണിക്ക്. നിലമ്പൂര്‍ക്ക് ഇന്ന് തന്നെ പോവേണ്ടത് അത്യാവശ്യമാണെന്നവന്‍, പക്ഷെ ഞാന്‍ വണ്ടി തിരിച്ചു പറഞ്ഞു...

ഇനീം നമ്മളവിടം വരെ പോയി തിരിച്ചെത്തുമ്പോഴേക്കും നമ്മുടെ അത്യാവശ്യം വീട്ടുകാര്‍ക്ക് അനാവശ്യം ആവും..