ദൈവത്തിന്‍റെ അധൃശ്യ കൈകൾ



ജീവിതത്തിൽ പലഘട്ടത്തിലും നിനച്ചിരിക്കാതെ സഹായങ്ങൾ മുന്പിലേക്കു വരുമ്പൊ ദൈവത്തിന്റെ കൈകൾ എന്ന് തോന്നിയിരിക്കാം.

അങ്ങനെ ഒരാളായി സ്വയം മറ്റൊരാളുടെ മുന്പിലേക്കു അവിചാരിതമായി നിർണ്ണായകമായ ഒരു ഘട്ടത്തിൽ എത്താൻ കഴിയുമ്പൊ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമായിരിക്കും നമുക്ക് നൽകുക.

കൂട്ടുകാരനെ എയർപ്പോർട്ടിൽ കൊണ്ട് വിടാൻ പോയതായിരുന്നു...

ട്രോളിയിൽ ലെഗേജുമേന്തി കവാടത്തിനരികിലെത്തിയപ്പോൾ കുറച്ചു പ്രായമായൊരാൾ കവാടത്തിനരികിൽ തലക്ക് കയ്യും കൊടുത്തിരിക്കുന്നു. കാഴ്ചയിൽ മലയാളിയാണെന്ന് ഉറപ്പായി. കണ്ണിൽ നിന്നും കവിളിലൂടെ ഒഴുകുന്ന കണ്ണീർ ഇടക്കിടെ തുടക്കുന്നുണ്ട്.

ആ രംഗം കണ്ടിട്ട് കാണാത്തെപോലെ പോവാൻ മനസ്സനുവധിച്ചില്ല.അവരുടെ അടുത്ത് ചെന്നിരുന്ന് കാര്യം തിരക്കി. ഒറ്റ ശ്വാസത്തിൽ വളരെ വിഷമത്തോടെ പ്രയാസപ്പെട്ട് അവർ കാര്യം പറഞ്ഞു...

"മോനേ...ഞാൻ ട്ടാക്സിയിൽ ഇറങ്ങി ലെഗ്ഗേജ് ഇവിടെ വെച്ച് ട്രോളി എടുക്കാൻ പോയി വന്നപ്പോയേക്കും എന്റെ പെട്ടീം സാദനങ്ങളും കാണാനില്ല. പാസ്പോർട്ടും ടിക്കറ്റും റീ-എന്റ്രിയും എല്ലാം അതിലാണ്...വിമാനത്തിന്റെ സമയമായി. ഇനി ഞാനെങ്ങനെ നാട്ടിൽ പോവും."

ആ നിസഹായതയിൽ കൈ വിടാൻ തോന്നിയില്ല ആ പാവത്തിനെ...

"ഉപ്പാ..ഇങ്ങള് വരൂ..നമ്മക്ക് നോക്കാം" എന്നും പറഞ്ഞ് കൈ പിടിച്ച് എഴുന്നേൽപിച്ചു...

കുറച്ചു നേരം പരതിയിട്ടും ആളുകളോട് അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടാഞ്ഞതിനാൽ നേരെ ഇൻഫർമേഷൻ സെന്ററിൽ പോയി പരാതി പറഞ്ഞു...അവിടന്നവർ മുറൂർ (പോലീസ്) ൽ പോയി കമ്പ്ലൈന്റ് കൊടുക്കാൻ പറഞ്ഞു...മുറൂറിലെ മനുഷ്യപ്പറ്റില്ലാത്ത ആ കാട്ടറബികളുടെ നൂറ് ചോദ്യങ്ങൾക്കുള്ള ഉത്തരം ഒക്കെ കഴിഞ്ഞ് അവരുടെ പേരും നമ്പറും ഒക്കെ വാങ്ങി കമ്പ്ലൈന്റ് രെജിസ്റ്റർ ചെയ്തു ഒപ്പും വാങ്ങി... വല്ല വിവരവും കിട്ടിയാൽ ഈ നമ്പറിൽ വിളിക്കാമെന്ന് പറഞ്ഞതല്ലാതെ അവർക്ക് വല്ല്യ താൽപര്യമൊന്നും ഇല്ല...

ബോർഡിംഗ് ക്ലോസ് ചെയ്യാൻ ഇനി അതിക സമയം ഇല്ല. എന്ത് ചെയ്യും എന്നൊരു പിടിയും ഇല്ല. എന്റെ കയ്യിൽ മുറുക്കിപ്പിടിച്ച ആ വിറയുന്ന കരങ്ങളും നിറഞ്ഞ കണ്ണുകളും ഉപേക്ഷിക്കാൻ മനസ്സും വരുന്നില്ല.
ഒരു അവസാന ശ്രമമെന്നോണം ഞാനവരോട് പറഞ്ഞു...

"ഉപ്പാ..നമുക്കൊന്ന് കൂടി മുഴുവൻ ഒന്ന് നോക്കാം.."

അവരെയും കൂട്ടി എയർപ്പോർട്ടിന്റെ ഒന്നാം നമ്പർ ഗേറ്റ് മുതൽ ഓരോ ഗേറ്റിലും പരതി. ദൈവാനുഗ്രഹത്താൽ നാലാമത്തെ ഗേറ്റിനടുത്തെത്തിയപ്പോൾ സാദനവും കിട്ടി. പാവം നാലാമത്തെ ഗേറ്റിനരികിൽ ടാക്സി ഇറങ്ങി സാദനം ഇറക്കി ട്രോളി എടുത്ത് വന്നത് ഒന്നാമത്തെ ഗേറ്റിനടുത്തേക്ക്...ഒരേ പോലെയുള്ള ഗേറ്റുകൾ തിരിച്ചറിയാൻ പറ്റാതെ പറ്റിയ അബദ്ദം.

സമയം കളയാതെ ട്രോളിയിൽ ലെഗേജും കേറ്റി അവരെയും കൂട്ടി ബോർഡിംഗ് കൌണ്ടറിലേക്കോടി..

ഭാഗ്യത്തിന് കൌണ്ടർ അടച്ചിട്ടില്ല...

ബോർഡിംഗ് എടുത്ത് ലെഗ്ഗെജും വിട്ട് ബോർഡിംഗ് പാസ്‌ ആ കൈകളിലേക്ക് നീട്ടിയപ്പോൾ അതു വാങ്ങുന്നതിനു മുൻപേ എന്നെ കെട്ടിയങ്ങു പിടിച്ചു...

ശെരിക്കും കണ്ണ് നിറഞ്ഞു പോയി...

"മോനേ..ന്റെ കുട്ടീനെ പടച്ചോൻ അയച്ചതാ.. ന്റെ മുമ്പ്ക്ക്...അല്ലെങ്കി ഞാൻ അവിടെ തലക്ക് കജ്ജും കൊട്ത്ത് മേപ്പോട്ടും നോക്കി കുത്തർന്നേനെ..."

ആ വാക്കുകൾ എനിക്ക് നൽകിയ സന്തോഷം വാക്കുകളിലൂടെ പറഞ്ഞോ അക്ഷരങ്ങളിലൂടെ എഴുതിയോ അറിയിക്കാൻ പറ്റുന്നതിനും അപ്പുറം.

കർണ്ണാടക സർക്കാരിന്റെ നീതിയുടെ ഇരട്ടതാപ്പ് ...!




നീതിയുടെ ഈ ഇരട്ട മുഖം മനസ്സിലാക്കാൻ ഐ.എസ്.ആര്‍.ഒയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കടക്കാന്‍ ശ്രമിച്ചതിന് ബംഗളൂരു പൊലീസ്പിടിയിലായ ബ്യൂല എം. സാം എന്ന വനിതയുടെ കേസും അബ്ദുനാസർ മഅദനിയുടെ കേസും കര്‍ണാടക സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി പരിശോധിച്ചാൽ മതി. അതീവ ഗുരുതരമായ കുറ്റങ്ങളുടെ പേരിലാണ് ഇരുവരും പിടിയിലായത്. എന്നാല്‍, നീതിയുടെ അളവുകോലിലും അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനത്തിലും ഈ അന്തരം എല്ലാ അർത്ഥത്തിലും നിലനില്‍ക്കുന്നു എന്നതാണ് ആശ്ചര്യകരം.

ബ്യൂല കടുത്ത ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും ഭര്‍ത്താവിന്റെ സാന്നിധ്യം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോളിളക്കം സൃഷ്ടിച്ച ഒരു കേസിന്റെ അന്വേഷണം പാതിവഴിയില്‍ നിൽക്കെ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ആരുമറിയാതെ ബ്യൂലക്ക് ജാമ്യം നല്‍കിയ ഈ നടപടിയെന്നോര്‍ക്കുക. ഈ കേസില്‍ പിടിക്കപ്പെട്ട സ്ത്രീ വല്ല മുസ്ലിം നാമദാരിയായിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില്. ഐ.എസ്.ഐ, അല്‍ഖാഇദ, ലഷ്കറെ ത്വയ്യിബ, പാകിസ്താന്‍, അന്താരാഷ്ട്ര തീവ്രവാദ ബന്ധം തുടങ്ങിയ വെളിപ്പെടുത്തലുകള്‍ അധികൃത പക്ഷത്തുനിന്നു തന്നെ ഉണ്ടാവും. മുൻപ് മഅദനിയുടെ കേസിന്റെ പിറകെ പോയ തെഹൽക റിപ്പോർട്ടർ കെ കെ ഷാഹിന ക്ക് വന്ന അവസ്ഥയും നമ്മൾ കണ്ടതാണ്.

2008ല്‍ നടന്ന ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് 2010 ആഗസ്റ്റില്‍ വിചാരണ തടവുകാരനായി മഅ്ദനി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലെത്തുന്നത്. അന്നു മുതല്‍ ഇന്നു വരെ ജാമ്യത്തിനുവേണ്ടി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. ബ്യൂല ഏകാന്തത അനുഭവിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴേക്ക് അവര്‍ക്ക് ജാമ്യം. അതേസമയം, പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരൊക്കെ മഅ്ദനിയുടെ കാഴ്ച നഷ്ടപ്പെട്ട കണ്ണുകള്‍ക്കും വേദനയും മരവിപ്പും അനുഭവിക്കുന്ന കാലുകള്‍ക്കും കടുത്ത പ്രമേഹം ബാധിച്ച ശരീരത്തിനും തുടര്‍ ചികിത്സ വേണമെന്ന് മനുഷ്യര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലൊക്കെ റിപ്പോര്‍ട്ട് നല്‍കിയിട്ടും മതിയായ ചികിത്സയോ ജാമ്യമോ ലഭിക്കുന്നില്ല.

ഇതാണോ മതേതര ജനാതിപത്യ ഭാരത പൈതൃകം...?

ഇതിൽ എവിടെ ജനാതിപത്യം...?

ഇതിലെവിടെ മതേതരത്വം...?

ഹർത്താൽ ആഘോഷം



കഴിഞ്ഞ വെക്കേഷനിൽ ടി വി കണ്ടു കൊണ്ടിരിക്കുന്ന കുട്ടികളുടെ ആഹ്ലാദാരവങ്ങൾ കേട്ട് കൊണ്ടാണ് ഒരു സുഹുർത്തിന്റെ വീട്ടിലേക്കു കയറിച്ചെന്നത്‌...ടി വി യിൽ ഫ്ലാഷ് ന്യൂസ്‌... "നാളെ ഹർത്താൽ". നിനച്ചിരിക്കാതെ കിട്ടിയ ഒരവധി.  പെരുന്നാളിന് മാസപ്പിറവി കണ്ടപോലെ കുട്ടികൾക്കും മുതിർന്നവർക്കും  എല്ലാവർക്കും എന്തൊരു സന്തോഷം. 

അവധിക്ക് നാട്ടിലെത്തിയിട്ട് ഒരാഘോഷങ്ങളിലും പങ്കെടുക്കാൻ പറ്റിയില്ല എന്ന ടെൻഷൻ മാറികിട്ടി കേരളത്തിന്റെ ഈ ദേശീയോത്സവത്തിൽ പങ്കെടുക്കാൻ അവസരം കിട്ടിയപ്പൊ. ഇതിനായി എങ്ങനെ ആളുകൾ തയ്യാറെടുക്കുന്നു എന്നറിയാൻ വെറുതെ അങ്ങാടിയിലേക്കൊന്നിറങ്ങി. എല്ലാവരും നല്ല സന്തോഷത്തോടെ ഒരുക്കത്തിലാണ്. ശെരിക്കും പെരുന്നാൾ തലേന്ന് വൈകുന്നേരം ഇറങ്ങിയ ഒരു പ്രതീതി. 

പലചരക്കു കടകളിലും പച്ചക്കറി മാർക്കറ്റിലും ഇറച്ചിക്കടകളിലും എല്ലായിടത്തും നല്ല തിരക്ക് തന്നെ. അതിനേക്കാൾ എന്നെ അതിശയിപ്പിച്ചത് സാദനങ്ങളുടെ വിലയാണ്. ഡിമാന്റ് അനുസരിച്ച് വില കൂടും പോലും. എന്നിട്ടും ആളുകൾക്ക് ഒരു പരാതിയും ഇല്ല. വളരെ സന്തോഷത്തോടെ ചോദിച്ച കാശും കൊടുത്തു വാങ്ങുന്നു. 

പ്രവാസികൾക്ക് ഈ ഹർത്താൽ ഒരു ശല്ല്യവും നഷ്ടവും ആയി തോന്നാമെങ്കിലും നാട്ടിൽ താമസിക്കുന്നവർക്ക് ഇത് ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ചുളുവിൽ കിട്ടുന്ന എതോരവധിയും ആഘോഷമാക്കി ജനം ഇതിനെ സ്വീകരിക്കുന്നിടത്തോളം കാലം ഇതിനൊരു മാറ്റം വരുമെന്ന പ്രതീക്ഷയും ഇല്ല.

ഏതു പാര്ട്ടി ഹർത്താൽ നടത്തിയാലും ഇപ്പൊ കേരളത്തിൽ പൊതു ജീവിതം അക്ഷരാർത്ഥത്തിൽ സ്തംഭനം തന്നെ...ഇവർ ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും തന്നെ അംഗീകരിക്കപ്പെട്ടുട്ടുണ്ടാവില്ല, എങ്കിലും പിറ്റേ ദിവസം വലിയ തലക്കെട്ടിൽ വാർത്ത കാണാം..."ഹർത്താൽ വൻ വിജയം " ഈ വിജയം എന്നത് കൊണ്ട് ഇവർ എന്താണ് ഉദേശിക്കുന്നത്? ഇങ്ങനെ പൊതു ജീവിതം സ്തംഭിപ്പിച്ചതോ? കഷ്ടം തന്നെ...

സോണി ഭട്ടതിരിപ്പാട് എവിടെ ?




സോണി ഭട്ടതിരിപ്പാട് എന്ന കേരളം മുഴുവന് അറിയപ്പെട്ടിരുന്ന ഈ മാധ്യമ പ്രവര്ത്തകനെ കാണാതായിട്ട് ഏതാണ്ട് അഞ്ചു വർഷം കഴിയുന്നു...

ആരാന്റെ കിടപ്പറയിൽ കേറിയിട്ടാണെങ്കിലും സെൻസേഷൻ ന്യൂസ്‌ ഉണ്ടാക്കുന്നതിന്റെ ഓട്ടത്തിനിടയിൽ വർഗ സ്നേഹമില്ലാത്ത മാധ്യമ ലോകത്തിനും ( അമൃത ടിവി ഒഴികെ ) ഈ സംഭവത്തിൽ താൽപര്യമില്ല.

മലയാള മനോരമ കാസർഗോഡ്‌ ബ്യൂറോ ചീഫ് ആയിരുന്ന സമയത്ത് എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ കണ്‍മുൻപിലേക്ക് എത്തിച്ചതിൽ സോണി വഹിച്ച പങ്ക് നിർണ്ണായകമായിരുന്നു. മനോരമ ചാനൽ തുടങ്ങിയപ്പോൾ ന്യൂസ്‌ അവതാരകനായി "നിങ്ങൾ ആവശ്യപ്പെട്ട വാർത്തകൾ " എന്ന വളരെ ജനശ്രദ്ധ നേടിയ പരിപാടി ജനങ്ങളിലേക്ക് എത്തിച്ച സോണിയുടെ ഫോട്ടോ മനോരമ കേരളത്തിലുടനീളം സ്ഥാപിച്ചിരുന്നു. വിത്യസ്തമായ അവതരണ ശൈലിയിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം സോണി നേടിയിരുന്നു. മനോരമ വിട്ടു ഇന്ത്യവിഷനിൽ എത്തിയപ്പോഴും ആ ഇഷ്ടം അതെപടി നിലനിർത്താൻ സോണിക്കായി.

എന്ത് കൊണ്ട് സോണിയെപ്പോലുള്ള അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകനെ കണ്ടുപിടിക്കാൻ ഇതുവരെ ആയില്ല ? എന്ത്കൊണ്ട് ഈ ഒരു തിരോധാനം അവരുടെ വെറും കുടുംബപ്രശ്നമായി മാത്രം ഒതുങ്ങി ? 


തിമിരം ബാധിച്ച കണ്ണുകൾ തുറക്കട്ടെ....

അച്ഛനെ കാത്തിരിക്കുന്ന മക്കൾക്ക് വേണ്ടി... !

ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യക്ക് വേണ്ടി ...!!
വഴി കണ്ണുമായി മകനെ കാത്തിരിക്കുന്ന വൃദ്ധരായ ഒരച്ഛനും അമ്മയ്ക്കും വേണ്ടി...!!!

എന്റെ നാട്ടു വിശേഷങ്ങൾ


ഇരുമ്പുചോല : എൻറെ നാട്. 

NH-17നു ഓരത്ത് കോഴിക്കോട് യൂനിവേഴ്സിറ്റിക്ക് 9km മുൻപെ, കോട്ടക്കൽ പട്ടണത്തിന് 16km കഴിഞ്ഞ്, കോഴിക്കോട് വിമാനത്താവളത്തിന് 15km മാത്രം ദൂരം. ഇങ്ങനെ ഒക്കെ ആണെങ്കിലും നമ്മുടെ നാട്ടിലെ കുഗ്രാമാങ്ങളിലെ നാട്ടിൻപുറങ്ങളിലെ ആളുകൾ തലതാഴ്ത്തും, അത്രയ്ക്ക് കെങ്കേമാമാണ് നാട്ടാരുടെ മേന്മകളും നാട്ടുവിശേഷങ്ങളും.

നല്ല അസ്സല് പ്രകൃതി സ്നേഹികൾ, അതോണ്ട് തന്നെ നാട്ടിലെ ഒട്ടുമിക്ക ആളുകളേം പ്രകൃതിയിലെ സകല ജീവജാലങ്ങളുടെയും പേര് കൂട്ടിയെ വിളിക്കൂ. ഇത്രയും വട്ടപ്പേര് ഉള്ള, വട്ടപ്പേര് കൂട്ടാതെ പേര് പറഞ്ഞാൽ ആളെ തിരിച്ചറിയാൻ പറ്റാത്ത ഒരു സ്ഥലം അള്ളാന്റെ ദുനിയാവിൽ വേറെ ഉണ്ടാവുമെന്ന് തോന്നണില്ല.

നാട്ടാരേം നാടിനേം കുറിച്ച് മനസ്സിലാക്കാൻ ചെറിയൊരുദാഹരണം :



അരിവാകത്തി മുസ്തഫ 
----------------------------------

നല്ല ഒന്നാംതരം തയ്യൽക്കാരൻ. കുന്നമ്പുറത്തങ്ങാടീൽ ഒരു തയ്യൽ കടയിൽ രണ്ടു വർഷമായി സ്ഥിരമായി ജോലി ചെയ്തുകൊണ്ടിരിക്കെ, ഒരു ദിവസം... ...ഒരേ ഒരു ദിവസം...ചോലക്കക്കാരുടെ ഭാഗ്യമോ അവന്റെ ഭാഗ്യദോഷമോ, ചോല അങ്ങാടിയിലൂടെ ജോലിക്ക് പോവാൻ ഇറങ്ങി...ബസ്‌ കാത്ത് ബസ് സ്റ്റോപ്പിനടുത്തുള്ള ചോലയിലെ അതിപ്രസിദ്ധമായ കലുങ്കിൽ ( ചോലക്കക്കാരുടെ ജിലേബി - വട്ടത്തിലുള്ള മേൽകൂരയൊക്കെയുള്ള കല്ല്‌ ) ഒരു പണിക്കും പോകാതെ മറ്റുള്ളോർകിട്ട് പണിയാനായി മാത്രം അവിടെ സൊറ പറഞ്ഞിരിക്കുന്നവരോടൊത്ത് ഇരുന്നു. ആ ഇരുത്തം വർഷങ്ങളായി അവൻ ഇന്നും തുടരുന്നു....

ഒരു പണിക്കും പോകാതെ, യാതൊരു മുഷിപ്പും ഇല്ലാതെ, യാതൊരു പരാതിയും ഇല്ലാതെ, മറ്റുള്ളോർകിട്ട് പണിയാനുള്ള പണികളും ആലോചിച്ച്....നേരം വെളുത്ത് ഇരുട്ടും വരെ....

ഇപ്പൊ പുടികിട്ടിയില്ലേ ന്റെ നാട്ടാരെക്കുറിച്ച്...അവരായി ഒരു പണിക്കും പോകില്ല..ഇനി ആരേലും ആ വഴിക്ക് വല്ല പണിക്കും പോവാണെങ്കി അവനെ പോവാനും സമ്മയിക്കൂല....


പോത്ത് റഫീക്ക്

---------------------

കാരണം ബാപ്പ ഉമ്മറാക്കാന്റെ പോത്ത് കച്ചോടം തന്നെ

ഒരിക്കൽ ഉമ്മറാക്ക റോഡ്‌സൈഡിൽ പുല്ല് തിന്നാൻ കെട്ടിയിട്ട പോത്തിനെ അതിലെ വന്ന KSRTC ബസ് ഇടിച്ചു. ബസ് നിറുത്താതെ പോകുകേം ചെയ്തു. ഇത് കണ്ട പോത്ത് റഫീക്കും ചോലയിലെ ഓട്ടോഡ്രൈവേഴ്സും അടുത്തുള്ള കൊളപ്പുറത്തങ്ങാടീലെ ഓട്ടോസ്റ്റാന്റിലേക്ക് വിളിച്ചു പറഞ്ഞു

"ഡാ...മ്മറാക്കാന്റെ പോത്തിനെ ബസ്‌ ഇടിച്ചു..ബസ്‌ നിർത്താതെ വിട്ടിട്ടുണ്ട്. ബസ്‌ അവിടെ തടഞ്ഞു വെച്ചോ..ഞങ്ങളിതാ എത്തി..."

റഫീക്കും ഡ്രൈവേഴ്സും അവിടെ കൂടിയ നാട്ടാരും കൂടി ഓട്ടോയിലും ബൈക്കിലും ആയി അവിടെ എത്തിയപ്പോയെക്കും കൊളപ്പുറത്തെ ഡ്രൈവേഴ്സും അവിടെത്തെ നാട്ടുകാരും കൂടി ബസിലെ ഡ്രൈവറേം കണ്ടക്ടറേം ക്ലീനറേം എടുത്തിട്ട് പെരുമാറി. ചുമ്മാ പെരുമാറീന്നു മാത്രല്ല ശെരിക്കും പഞ്ഞിക്കിട്ടിരുന്നു.

ചോലയിൽ നിന്നെത്തിയ കൂട്ടത്തിൽ റഫീക്കിനെ കണ്ട അവർ

"ബസ്‌ ഇടിച്ചിട്ടും അനക്ക് ഒന്നും പറ്റിയില്ലെടാ പോത്തെ"

"അയിന് എന്നെ അല്ല ബസ്‌ ഇടിച്ചത്, റോഡ്‌സൈഡിൽ പുല്ല് തിന്നാൻ കെട്ടിയിട്ട ബാപ്പാന്റെ പോത്തിനെ ആണ് "

കേൾകേണ്ട താമസം...

പിന്നെ അവിടെ തച്ചവരും ഇല്ല, തല്ല് കണ്ടവരും ഇല്ല...തല്ല് കൊണ്ടവർ മാത്രം

പന്തികേട് മനസ്സിലാക്കിയ ചോലനിവാസികളും തടിയൂരി...

പിന്നെ അത് ബല്ല്യ കേസൊക്കെ ആയി. അതിൽ നിന്നും തടിയൂരാൻ ഞമ്മളെ പോത്തിന് കൊറേ കായീം ചെലവായി.

പാവം പോത്ത് റഫീക്ക്, പോത്തും പോയി കായിം പോയി മാനോം പോയി...!




ഫാദർ മുഹമ്മദ്‌ 

---------------------
പള്ളീലച്ചൻമാരെപ്പോലെ ഫുൾ ക്ലീൻ ഷേവ് ചെയ്തേ ആള് നടക്കൂ.....അത് കൊണ്ട് തന്നെ എല്ലാരും ആ ഭാഹുമാനർത്ഥം അച്ഛൻ അല്ലെങ്കി ഫാദർ എന്ന് വിളിച്ചു പോന്നു...

അച്ഛനെ കാണുമ്പൊ ആരും സ്തുതിക്കാനും മറക്കില്ല..."ഈശോ മിഷിയായ്ക്ക് എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചോ " തിരിച്ച് അച്ഛനും "എപ്പോഴും വല്ലപ്പോഴും സ്തുതിയായിരിക്കട്ടെ.."

ജോലി ഇവടെ തന്നെ സൌദീൽ...

ഒരിക്കൽ വെക്കേഷന് പോയി നാട്ടിൽ എത്തിയിട്ടും ഒരു വിളിയും കണ്ടില്ല...സാദാരണ എത്തിയ വിവരത്തിന് വിളിക്കാറുള്ളതാ...ആ ദേഷ്യത്തിൽ പിന്നെ വിളിക്കുമ്പൊ പറയാനുള്ള തെറിയൊക്കെ പ്ലാൻ ചെയ്യുന്നതിനിടയിൽ ദേ വിളിക്കുന്നു...

ഫോണ്‍ എടുത്തതും ഇങ്ങോട്ട് ഒന്നും പറയാൻ അവസരം കൊടുത്തില്ല...

"എടാ പഹയാ അനക്ക് വീട്ടാരേം നാട്ടാരേം ഒക്കെ കിട്ടീപ്പൊ ഞമ്മളെ ഒക്കെ മറന്നു അല്ലെ"..എന്നും പറഞ്ഞു പിന്നെ അങ്ങോട്ട്‌ ശെരിക്കും കൊടുങ്ങല്ലൂർ ഭരണിയായിരുന്നു...ഒരഞ്ചുമിനുട്ട് വെടിക്കട്ടിനു ശേഷം അവിടന്ന് ഒരു പ്രതികരണവും കേൾക്കാതെയായപ്പൊ ഞാൻ ഭരണിപ്പാട്ട് നിറുത്തി ഹെലോ എന്നു ചോദിച്ചപ്പോയേക്കും അങ്ങേ തലക്കൽ ഫോണ്‍ കട്ട്‌ ചെയ്യുന്ന ശബ്ദം...

തിരിച്ച് വിളിച്ച് ബാക്കി വിളമ്പാൻ വേണ്ടി നമ്പർ നോക്കിയ എന്റെ കണ്ണിലൂടെ പൊന്നീച്ച പാറി...കാലിൽ നിന്നും തലവരെ എന്തോ ഒന്നരിച്ചു കേറിയപോലെ...ആ നിന്ന നിൽപ്പിൽ ലോകം അങ്ങു അവസാനിച്ചെങ്കിൽ എന്നാശിച്ചു പോയി...



കാര്യം ന്താന്നല്ലേ...ആ വിളിച്ചതെന്റെ ഒറിജിനൽ ഫാദർ ആയിരുന്നു... രണ്ടും പേരുകളും ഒരേ പേരിൽ സേവ് ചെയ്തതിൽ പറ്റിയ പറ്റ്... :(


അടുത്തത് ഞമ്മൾ തന്നെ

----------------------------------

ഏഴാം ക്ലാസ് വരെ ഒഴിച്ചാൽ വളരെ കുറച്ചു കാലമേ ( പ്രവാസം തുടങ്ങുന്നതിനു മുൻപ് കഷ്ടിച്ച് രണ്ടു വർഷം ) നാട്ടിൽ സ്ഥിരമായി നിന്നിട്ടോള്ളൂ എങ്കിലും ഞമ്മക്കും കിട്ടി ഒരസ്സല് വട്ടപ്പേര് "തുരുമ്പ് "

ബാംഗ്ലൂരിൽ നിന്നും കുറ്റീം പറിച്ച് നാട്ടിൽ സ്തിരായപ്പൊ ചെമ്മാട്ടങ്ങാടീൽ ഞമ്മൾ ഒരു കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി..അതിനു ഞമ്മക്ക് കിട്ടിയ ഞമ്മളെ പാർട്ട്‌ണർ ഇരുമ്പുളിയൻ സൈതലവി ( ഇരുമ്പുളിയൻ അവന്റെ വട്ടപ്പേര് ). പിന്നെ നാട്ടാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി ബന്നില്ല. ഇരുമ്പിന് കൂട്ട് കൂടിയവൻ തുരുമ്പ്‌.

നാട്ടിലെ പ്രസിദ്ധമായ ചില വട്ടപ്പേറുകൾ :

---------------------------------------------------------

ഉണ്ടപ്പുലി ഇസ്മായിൽ
ബടുവ റഷീദ്
കാള ഗഫൂർ
ആട് ഷംസു
കാളവണ്ടി അക്ബർ
കാണ്ടന്‍ ബഷീര്‍
കടു മുനീർ
ചെള്ളി മുജീബ്
ചെള്ള് റഷീദ്
കോര ഷംസു
പരല് ശംലീക്ക്
കൌണ്ടെര്‍ അന്‍വര്‍
ചാണ്ടി ഇസ്മയില്‍
ബെൽറ്റ് റിയാസ്
കറന്റ് മുഹമ്മദ്‌
കിണ്ടി സിദ്ധീക്ക്
ചെണ്ടി സിദ്ധീഖ്
ചോപ്പൻ ഫൈസൽ
മഞ്ഞ ഇസ്മയിൽ
പുട്ട് മുജീബ്
കുട്ടു സിദ്ദീക്ക്
ട്രുഞ്ചി അസീസ്‌
റ്റൂറ്റു അസർപ്പ്
മിറാക്ക്‌ൾ ഷെരീഫ്
3 3 ഫൈസല്‍
ഇപ്പ്നു ശര്‍ഫു
പോലാട്ട ഉസ്മാൻ
ഫാദർ മൈമദ്
ഇച്ചാത്ര കുഞ്ഞാലൻ
തരി അൻവർ
ചവം ഇല്ല്യാസ്
നൊത്തൻ സുബൈർ
ഫല്ലൻ സമീഉള്ള
കൊറു ഹമീദ്
ചുക്കാൻ പോത്ത്
പത്തൈസ റഷീദ്
തൊണ്ണൂറ് ഇസ്മയിൽ
ചിന്കിളി നൌഫൽ
പട്ട മീനാ കുമാര്‍
പുട്ട് സിദ്ധീക്ക്
പുട്ട് ഷെരീഫ്
കാജ ഇസ്മാഇൽ
സൂജി മുസ്തഫ
പൂവി ഷഫീക്
മോള് ഇബ്രാഹി
അത്രമതി സുബൈർ
വയസ്സൻ ഷംസു
കട്ടി സകീർ
ചാമു ഷഫീക്
ജാനു സകീർ
സൌണ്ട് ബോക്‌ ലത്തീഫ്
സിറ്റി ബോയ്‌ മന്‍സൂര്‍
കമ്പി ഖാലിദ്‌
അണ്ണന്‍ ഖാലിദ്‌
ഷൈമി ബഷീർ
കപ്പി റാഫി

അപ്പർലടി, ഗുലാൻ, സുങ്ക, ഇംബാട്ടി ( ഇവരുടെ ശെരിക്കുള്ള പേര് എന്താന്ന് എനിക്കിപ്പോഴും അറിയില്ല )

ഇത്‌ വായിച്ചു നാട്ടുകാർ എന്നെ പഞ്ഞിക്കിട്ടില്ലേൽ...

( തുടരും )

റോസാപൂ




ട്രാഫിക്കിൽ പച്ച സിഗ്നലിനു കാത്തു നിൽക്കുന്ന എനിക്കു നേരെ അവളൊരു ചുവന്ന റോസാപൂ നീട്ടി...

നട്ടുച്ചവെയിൽ ഏറ്റു അവളുടെ മുഖം പോലെ ആ പൂക്കളും വാടിയിരിന്നു...

നിറം കെട്ടു പോയ ഒരു ബാല്യം. ഇരുണ്ട നിറമുള്ള ഓമനത്വമുള്ള ആ മുഖവും, അവളുടെ കയ്യിലെ മലര്‍ പോലെ മനോഹരമായ ആ പുഞ്ചിരിയും, അവിടെ നിറഞ്ഞു നില്‍ക്കുന്ന ആ സുഗന്ധവും, എല്ലാം കൂടി എന്റെ പരിസരബോധം നഷ്ടപ്പെടുത്തിയിരുന്നു...

ആ നീട്ടിയ റോസാപൂക്കളിലും കരിന്തിരി കത്തിയ ആ കണ്ണുകളിലും നൊട്ടമിട്ടിരുന്ന എന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ച് കൊണ്ട് അവൾ "പൂ വേണ്ടല്ലേ" എന്ന് ചോദിച്ചതും... ട്രാഫിക് ലൈറ്റ് പച്ചയായതും പിന്നിൽ നിന്ന് വാഹനങ്ങളുടെ കാതടപ്പിക്കുന്ന ഹോർണ്‍ അടിയും ഒരുമിച്ചായിരുന്നു.

മുള്ളുകള്‍ നിറഞ്ഞ ആ പൂക്കള്‍ കൈകളില്‍ മുറുകെ പിടിച്ച് ഒരരികിലേക്ക് മാറി നിന്ന അവളെ നോക്കിയിരിക്കാനെ എനിക്കാ നിമിഷം കഴിഞ്ഞൊള്ളൂ. ആര്‍ക്കും വേണ്ടാത്ത ഒരു പൂ കൊഴിഞ്ഞു വീണില്ലാതാവുന്നത് പോലെ ...

ശേഷം അതിലൂടെ പോവുമ്പൊ എന്നും എന്റെ കണ്ണുകൾ അവളെ തേടുമായിരുന്നു...

വർഷങ്ങൾക്കിപ്പുറം ഇന്നും വാങ്ങാനാവാതെ പോയ ആ പൂവ് എന്‍റെ കണ്ണു നിറക്കാറുണ്ട്, സങ്കടം സഹിക്ക വയ്യാതെ നിറയുന്ന എന്റെ മിഴികൾ എന്റെ കാഴ്ചകൾക്ക് മങ്ങലേൽപിക്കാറുണ്ട്...

എവിടെയായിരുന്നാലും നീ സുഖമായിരിക്കട്ടെ...!

എന്‍റെതായി ദൈവം നിശ്ചയിച്ചവളുടെ പ്രാര്‍ത്ഥന





ഒരുപാട് പെണ്‍കുട്ടികളെ ഞാന്‍ പ്രണയിക്കാന്‍ ശ്രമിച്ചു...എല്ലാവരും ഇഷ്ടപ്പെടുന്നെങ്കിലും പ്രണയിക്കാൻ തയ്യാറായത് ഒരുവൾ മാത്രം...!

പ്രണയത്തിന്റെ മുത്ത്‌ തേടിയുള്ള യാത്രയിൽ നിറഞ്ഞൊരെന്റെ മിഴികളും തളർന്നൊരെന്റെ മനസ്സും ശൂന്യമാക്കി ആകാശനീലിമ പോലെ അനന്തതയിലേക്ക്‌, ഇലക്കുമ്പിളിലെ മഞ്ഞുതുള്ളിയായ് ആഞ്ഞു വീശും കാറ്റിൽ എങ്ങോ നീ മറഞ്ഞപ്പോൾ, കാലം വേദനിപ്പിക്കില്ലെന്ന തോന്നൽ മിഥ്യയായ്‌ പൊട്ടിച്ചിതറുമ്പോള്‍, തിരിച്ചു പിടിക്കാൻ കഴിയാത്ത വിധം അന്യയായ്‌ നീ അകന്നപ്പോള്‍...

കാരണങ്ങൾ എന്താണെന്ന് ഞാന്‍ ഒരുപാടു ചിന്തിച്ചു, അതിനുത്തരം കണ്ടെത്താൻ എനിക്കു കാലങ്ങൾ കാത്തിരിക്കേണ്ടി വന്നു... 

"അവളുടെ പ്രാര്‍ഥനയായിരുന്നു കാരണം... എന്‍റെതായി ദൈവം നിശ്ചയിച്ചവളുടെ പ്രാര്‍ത്ഥന....!"


 

മലപ്പുറം വിശേഷങ്ങൾ




രാത്രി ഹോട്ടെൽ പൂട്ടുന്നതിനു മുൻപെ പറ്റുപുസ്തകം നോക്കുന്ന അസൈൻകാക്ക പത്താം തരം പഠിക്കുന്ന മോനോട് 

ടാ സുങ്കേ... അന്നോടാരാ ബാവ ബന്നതും പോയതും ഇതീലെയുതി ബെക്കാൻ പറഞ്ഞേ ?

യൗടെ ബാപ്പാ നോക്കട്ടെ...

"ബാവ ബന്നു ഒരു പോക്ക് ".... ആ... ഇതോ ?

ഇത് ബാവ ബന്നതും പോയതും അല്ല ബാപ്പാ ബാവ ബന്ന്(Bun) ഒരു പേക്ക്‌ മാങ്ങീന്നാ...

ഇജ്ജ് ഇക്കൊല്ലം തന്നെല്ലേ എസ് എസ് എൽ സി എയുതണേ ?

അതേ ബാപ്പാ എന്തേ ? 

ഒന്നൂല്ലാ...അന്റെ ഒക്കെ ഉത്തരക്കടലാസ് നോക്കണ ആളെ കാര്യം ആലോയ്ക്കുമ്പോ ...?

പുഞ്ചിരി


മനസ്സ് വിതുമ്പുന്ന സമയത്തും പുഞ്ചിരിക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യമാണ് ! ഒരു വരധാനമാണത് !

ഒന്നും സ്വന്തമായില്ലാത്ത മനസ്സിൽ നന്മ മാത്രം കൊണ്ടു നടക്കുന്നവർക്കായുള്ള ദൈവത്തിന്റെ വരദാനം !!

വിതുമ്പുന്ന മനസ്സിലെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി അതു കാണുന്നവന്റെ പ്രയാസങ്ങളും അലിയിപ്പിക്കുന്ന ഒരു പോസിറ്റിവ് എനർജി തന്നെ...!

"കണ്ണീർ "




സ്നേഹത്തിന്റെ പ്രതിഫലം കണ്ണീരായിരിക്കാം... ആ സ്നേഹം എന്നെ കരയിച്ചോട്ടെ, പക്ഷെ ഞാൻ സ്നേഹിക്കുന്നവർ കരയാതിരിക്കട്ടെ !


സ്നേഹം നിന്നെ കരയിച്ചിട്ടില്ലെങ്കിൽ, നിന്റെ രാത്രികളിലെ  ഉറക്കം കേടുതിയിട്ടില്ലെങ്കിൽ, നിന്റെ മനസ്സിനെ അസ്വസ്ഥമാക്കിയിട്ടില്ലെങ്കിൽ നീ മനസ്സിലാക്കുക..ഇന്നോളം നീ ആരെയും സ്നേഹിച്ചിട്ടില്ല !

കരയിപ്പിക്കുന്നതിനേക്കാൾ സ്വയം കരയുകയും ചിരിക്കുന്നതിനേക്കാൾ ചിരിപ്പിക്കുകയും ചെയ്യുക ! എങ്കിൽ നാളെ അവർ അവനു വേണ്ടി കരയും, അവരുടെ പ്രാർത്ഥന അവനിലേക്കെത്തും ! ആ ജന്മം സഫലം !!
ഇന്നലെ നെല്ലിചോടിന്റെ "കരയാനറിയാത്തവർ കിരാതനാണ് " എന്ന പോസ്റ്റ്‌ വായിച്ചപ്പോ ജീവിതം പിന്നിട്ട വഴികളിൽ മനമുരുകി കരഞ്ഞൊരുപാടു ചിത്രങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു...

കുട്ടിക്കാലത്ത് ബോർഡിങ്ങിൽ പഠിക്കുന്ന കാലം ഉപ്പ ലീവിന് വരുമ്പോൾ വീട്ടിലേക്ക് വരാൻ സാധിക്കാതെ....

കോളേജിലെ അതിരുവിട്ട വികൃതികളറിഞ്ഞ് വീട്ടിൽ ഉപ്പ പൊട്ടിത്തെറിച്ചപ്പൊ പൊട്ടിക്കരഞ്ഞ ഉമ്മയുടെ കണ്ണീർ കണ്ട്....

അവിചാരിതമായി പരിചയപ്പെട്ട്, കൂടുതൽ അടുത്ത്, അതിലേറെ ഇഷ്ടപ്പെട്ട്, ഒരുപാട് സ്നേഹിച്ച്, പ്രണയിച്ച് ഒടുക്കം അവൾ മറ്റൊരുത്തന്റെ ഭാര്യയായ ദിവസം ജീവിതത്തോട് തന്നെ വെറുപ്പ്‌ തോന്നിയ നിമിഷങ്ങളിൽ....

ഒടുക്കം, പ്രവാസത്തിലേക്ക് മടക്കയാത്ര തിരിക്കുന്നതിന്റെ തലേനാൾ എന്റെ നെഞ്ചോടു ചേര്‍ന്ന് കിടന്ന് ഹൃദയത്തുടിപ്പിന്റെ വേഗതയറിഞ്ഞെന്നോണം അവളുടെ കണ്ണീരാൽ ഞാൻ നനഞ്ഞപ്പോൾ....., തൊട്ടടുത്ത്‌ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന എന്റെ പൊന്നുമോളുടെ മുഖം കണ്ട്...

സുഖവും ദുഖവും സന്തോഷങ്ങളും പ്രയാസങ്ങളും ഒക്കെ ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം അല്ലെ....? പട്ടിണി കിടന്നവനെ വിശപ്പിന്റെ വിലയറിയൂ എന്ന പോലെ ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിച്ചനെ സുഖങ്ങളുടെ വിലയറിയൂ...അപ്പോഴേ ആ സുഖങ്ങൾക്ക് മാധുര്യം കൂടൂ...!

സുഖവും ദുഖവും സന്തോഷങ്ങളും പ്രയാസങ്ങളും നിന്നിൽ നിന്ന് തന്നെയാനെന്നറിയാം...സുഖങ്ങളിൽ അതിരുവിട്ടു സുഖിക്കാതിരിക്കാനും പ്രയാസങ്ങളിൽ തളരാതിരിക്കാനും നീ ഞങ്ങൾക്ക് കരുത്തേകണേ നാഥാ....!

മുസ്ലിം സംഘടനകളും പണ്ടിത സമൂഹവും കണ്ണടച്ച് ഇരുട്ടാക്കുകയല്ലേ..?


മുസ്ലിം സംഘടനകളും പണ്ടിത സമൂഹവും കണ്ണടച്ച് ഇരുട്ടാക്കുകയല്ലേ ചെയ്യുന്നത് ? 

കേരളത്തിൽ മുസ്ലിം പെണ്‍കുട്ടികളുടെ കല്യാണ പ്രായം 18 ആക്കിയത് കൊണ്ട് നമ്മുടെ സമുദായത്തിന് എന്താണ് സംഭവിക്കാൻ പോകുന്നത് ? അതിനെക്കാൾ വലിയ പ്രശ്നങ്ങൾ ഒന്നും സമുദായത്തിന് ഇല്ലേ ?

മസ്ലിം സമൂഹത്തിൽ വിവാഹത്തിന്റെ പേരിലും വിവാഹേതര ചടങ്ങുകളുടെ പേരിലും നിലനിൽക്കുന്ന ദുരാചാരങ്ങളും മാമൂലുകളും അല്ലെ ഓരോ കുടുംബങ്ങളെയും കടക്കെണിയിലേക്കും സാമ്പത്തിക പരാതീനതയിലെക്കും കൊണ്ടെത്തിക്കുന്നത് ?

വിവാഹം കഴിഞ്ഞുള്ള അടുക്കള കാണൽ, അമ്മായിമ്മ സല്ക്കാരം, തേട്ടം, സൽക്കാരം..പ്രസവത്തിനു മുൻപുള്ള പള്ളകാണൽ, ഏഴാം മാസം, ഒന്പതാം മാസം, കച്ച.. പ്രസവം കഴിഞ്ഞുള്ള ഏഴ്, നാല്പത്, തൊണ്ണൂറ്....ഇങ്ങനെ എണ്ണിയാലോതുങ്ങാത്ത....!

സ്ത്രീധനത്തിന്റെയും സ്വര്‍ണത്തിന്റെയും പേരില്‍ മുപ്പതും നാല്പതും വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കപ്പെടാതെ കഴിയുന്ന പെണ്‍കുട്ടികളുടെ ദീര്‍ഘ നിശ്വാസങ്ങൾ , ഭരണകൂട ഭീകരതയാൽ അനന്തമായി ജയിൽ പീടനം അനുഭവിക്കുന്ന അഭ്യസ്തവിദ്യരായ മുസ്ലിം ചെറുപ്പക്കാർ, മുസഫറാബാദിലും ഗുജറാത്തിലും അഭയാർഥി കാംബുകളിലെ സർവതും നഷ്ടപ്പെട്ട മുസ്ലിം കുടുംബങ്ങൾ ...!

അങ്ങനെ നൂറു കണക്കിന് പ്രശ്നങ്ങൾ കൊണ്ട് പ്രയസപെടുന്നവർ... ഇപ്പൊ വാളെടുത്തു ഉറഞ്ഞു തുള്ളുന്നവർ ഒന്നും എന്തെ ഇതിനെതിരെ ഒരു വാറോലപോലും ഉയർത്തി കണ്ടില്ല..!

മോഡി ഗാന്ധിയന്‍ മൂല്യമുള്ള സോഷ്യലിസ്റ്റോ ..?




നരേന്ദ്രമോഡി ഗാന്ധിയന്‍ മൂല്യമുള്ള സോഷ്യലിസ്റ്റ്; ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍

2002ല്‍ ഗുജറാത്ത് കലാപമന്വേഷിക്കാന്‍ സിറ്റിസണ്‍ ട്രൈബ്യൂണലിന് നേതൃത്വം നല്‍കിയ റിപ്പോര്‍ട്ടില്‍ കലാപത്തില്‍ മോഡി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കൃഷ്ണയ്യര്‍ തന്നെ ഇങ്ങനെ ഒരു കത്തെഴുതിയെന്നു വിശ്വസിക്കാനാവുന്നില്ല. എന്നും ഇരകളുടെ കൂടെ മാത്രം നിന്ന കൃഷ്ണയ്യരുടെ ഈ വാർത്തയുടെ വിശ്വാസ്യതയിൽ പോലും സംശയം തോന്നുന്നു...!

എന്ത് ഗാന്ധി മുല്യങ്ങലാണ് മോഡി ഉയര്തിപ്പിടിച്ചത് ? ഗര്ഭനിയുടെ വയര് കുതിപ്പോളിച്ചു കുഞ്ഞിനെ കത്തിച്ചു കൊന്നതോ ...?



എന്റെ മനോഹര മതേതര ജനാധിപത്യ രാജ്യമേ! നിന്റെ പോക്കിതെങ്ങോട്ട്‌ !!

മുസഫർ നഗർ കലാപത്തിനു പ്രേരണ നൽകിയ എം എൽ എ യെ അറസ്റ്റ്‌ ചെയ്യാൻ ചെന്ന പോലീസിനെ പാർട്ടി പ്രവർത്തകർ തടഞ്ഞു. ഏറെ തർക്കത്തിനു ശേഷം അറസ്റ്റ്‌ ചെയ്യാതെ പോലീസിനു മടങ്ങേണ്ടി വന്നു...

ഇതാണു നമ്മുടെ ജനാധിപത്യ മതേതര ഇന്ത്യ. നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുന്ന നമ്മുടെ രാജ്യം...എന്നാൽ ചിലർ വരുമ്പോൾ നിയമം വഴിമാറും എന്ന് മാത്രം. അഥവാ ചിലർക്ക്‌ വേണ്ടി നിയമം വഴിമാറ്റും...അങ്ങനെ പറയുന്നതാവും ശെരി...മദനിയുടെ പ്രസംഗംകനം കൂടി എന്നതിന്റെ പേരിൽ അഴികൾ എണ്ണി കാലം തള്ളി നീക്കുമ്പോൾ, തൊഗാടിയയും ശശികലയും ഇതേ നിയമത്തിനെ കൊഞ്ഞനംകുത്തിക്കൊണ്ടു വിഷം ചീറ്റി തീപ്പൊരി വാരി വിതറി നടക്കുന്നു...

എന്ത്‌ പറയുന്നു എന്നതല്ല മറിച്ച്‌ ആരു പറയുന്നു എന്നിടത്തു നിന്നാണു നിയമം അതിന്റെ വഴിക്കു പോകുന്നതും ചില വഴികളിലേക്ക്‌ പോക്കുന്നതും....!

എന്റെ മനോഹര മതേതര ജനാധിപത്യ രാജ്യമേ! നിന്റെ പോക്കിതെങ്ങോട്ട്‌ !!